നടി കീർത്തി സുരേഷിന്റെ വിവാഹം പലർക്കും സർപ്രൈസ് ആയിരുന്നു. 15 വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു കീർത്തി ആന്റണിയെ വിവാഹം ചെയ്യുന്നത്. പലരുടെയും പേര് ചേർത്ത് ഗോസിപ്പുകൾ വന്നിരുന്ന കാലം ആയിരുന്നിട്ട് കൂടി കീർത്തിയുടെ പ്രണയം ആരും അറിഞ്ഞില്ല. പക്ഷേ എന്തിനാണ് ഇത്രയും വൈകിപ്പിച്ചത് എന്ന ചോദ്യത്തിന് ഇപ്പോഴാണ് കീർത്തി മറുപടി പറയുന്നത്.
സീ തെലുങ്കുവിൽ സംപ്രേക്ഷണം ചെയ്യുന്ന ജഗപതി ബാബു ഷോയിൽ സംസാരിക്കുകയായിരുന്നു കീർത്തി. ഇന്റസ്ട്രിയിൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ കീർത്തിയുടെയും ആന്റണിയുടെയും ബന്ധത്തെ കുറിച്ച് അറിയാമായിരുന്നുള്ളൂ. അതിലൊരാളാണ് ജഗപതി ബാബുവും., പക്ഷേ കല്യാണത്തിന് അദ്ദേഹത്തെ ക്ഷണിക്കാൻ വിട്ടുപോയി. അതിന് കീർത്തി ക്ഷമ ചോദിയ്ക്കുന്നുണ്ട്.
ആന്റണിയുമായി പ്രണയത്തിലായത് 2010 ൽ ആണ്. രണ്ടു പേരും നന്നെ ചെറിയ പ്രായം. പഠനം മുന്നോട്ടു കൊണ്ടു പോകണോ, അതിന് വേണ്ടി വിദേശത്ത് പോകണോ, അതോ സിനിമയിലേക്ക് വരണോ എന്നൊക്കെയുള്ള ഡൗട്ടിലായിരുന്നു ഇരുവരും. ഒടുവിൽ കീർത്തി പഠനം തിരഞ്ഞെടുത്തു. ഇതിനിടെ സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചു. അതോടെ കീർത്തിയുടെ കരിയർ മാറിമറിഞ്ഞു.
ആറ് വർഷത്തോളം പിന്നെ ഞങ്ങൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ആയിരുന്നു. ദുബായിൽ ഓയിൽ ഫീൽഡിൽ ആയിരുന്നു ആന്റണിയുടെ ജോലി. പിന്നെ ആന്റണി സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചു. അതിന്റെ തിരക്കുകളിലായി. ഞാനും കരിയറിൽ തിരക്കിലായിരുന്നുവെന്ന് കീർത്തി പറഞ്ഞു.
മറ്റൊരു മതത്തിൽപ്പെട്ടയാളായതിനാൽ കുടുംബം തങ്ങളുടെ ബന്ധം അംഗീകരിക്കുമോ എന്ന് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് കീർത്തി പറയുന്നുണ്ട്. മതപരമായ വ്യത്യാസങ്ങൾ കാരണം വീട്ടിൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഞങ്ങൾ കരുതിയിരുന്നു- കീർത്തി പറഞ്ഞു.
നാല് വർഷം മുമ്പ് താൻ അച്ഛനുമായി സംസാരിച്ചപ്പോൾ ഭയന്നതുപോലെയല്ല കാര്യങ്ങൾ സംഭവിച്ചതെന്നും അച്ഛൻ അത് വളരെ സുഗമമാക്കിയെന്നും കീർത്തി പറയുന്നുണ്ട്.