രാജശ്രീ നായർ എന്ന പേര് പറഞ്ഞാൽ ഒരുപക്ഷെ ഈ നടിയെ അറിയണമെന്നില്ല. എന്നാൽ, രാജശ്രീ അഭിനയിച്ച സിനിമകൾ പറഞ്ഞാൽ അവരെ മലയാളികൾ തിരിച്ചറിയും. മേഘസന്ദേശത്തിലെ റോസി. ഇപ്പോൾ മനസിലായില്ലേ? മേഘസന്ദേശത്തിലെ റോസിയെന്ന പ്രേതം ഇപ്പോഴും ട്രോളുകളിൽ നിറയാറുണ്ട്.
നടി രാജശ്രീ നായരുടെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് റോസി. ഇപ്പോൾ മലയാള സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് നടി. വിലായത്ത് ബുദ്ധയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ തന്റെ പേരിലുള്ള വിക്കിപീഡിയ പേജിലെ വിവരങ്ങളെ കുറിച്ച് രാജശ്രീ സംസാരിക്കുന്നുണ്ട്.
മെയ്ഷ അഫ്താബ് എന്ന പേര് രാജശ്രീയുടെ വിക്കിപീഡിയ പേജിൽ കാണാനാവും. ഇതെല്ലാം തെറ്റാണെന്ന് പറയുകയാണ് രാജശ്രീ. ”വിക്കിപീഡിയയിൽ പറഞ്ഞിരിക്കുന്ന പല വിവരങ്ങളും തെറ്റാണ്. ഞാൻ ഭാരതിരാജ സാറിന്റെ കറുത്തമ്മ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. എന്റെ പേര് വരെ തെറ്റാണ്. അതുപോലെ എന്റെ വ്യക്തിപരമായ വിവരങ്ങളും തെറ്റായിട്ടാണ് നൽകിയിരിക്കുന്നത്. ഞാൻ മുസ്ലിമിനെ വിവാഹം ചെയ്തു, ഒളിച്ചോടി എന്നെല്ലാമാണ് പറഞ്ഞിരിക്കുന്നത്.
”അതെല്ലാം തെറ്റാണ്. ഒരിക്കൽ എന്റെ സംവിധായകൻ വന്നെന്നെ ബീഗം എന്ന് വിളിക്കുമ്പോഴാണ് ഞാനിക്കാര്യം അറിയുന്നത്. തിരുത്താൻ പലവട്ടം ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. ദയവായി ആളുകൾക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ ഇതോടെ മാറ്റണം. അതിന് മാധ്യമങ്ങളും സഹായിക്കണം” എന്നാണ് രാജശ്രീ പറയുന്നത്.
മേഘസന്ദേശത്തിന് ശേഷം രാവണപ്രഭു, മിസ്റ്റർ ബ്രഹ്‌മചാരി എന്നീ സിനിമകൾ രാജശ്രീ ചെയ്തു. വിവാഹത്തോടെ വിദേശത്ത് താമസമാക്കിയ രാജശ്രീ പിന്നീട് ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. തുടർന്ന് ജമ്‌നാപ്യാരി എന്ന സിനിമയിലും വേഷമിട്ടു. ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും അഭിനയത്തിൽ സജീവമാകുന്നത്. വിലായത്ത് ബുദ്ധയിൽ നായിക കഥാപാത്രമായ പ്രിയംവദയുടെ അമ്മ റോളിലാണ് രാജശ്രീ വേഷമിട്ടത്.