ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ അദ്ദേഹത്തിന്റെ അനുമതി ഇല്ലാതെ ഉപയോഗിക്കരുതെന്ന് കോടതി. സാമ്പത്തിക ലാഭത്തിനായി അദ്ദേഹത്തിന്റെ പേരും ഗാനങ്ങളും അനുമതിയില്ലാതെ മറ്റുള്ളവർ ഉപയോഗിക്കുന്നത് താത്കാലികമായി മദ്രാസ് ഹൈക്കോടതി തടഞ്ഞു.
തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടു ഇളയരാജ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ സെന്തിൽ കുമാറിന്റെ ഇടക്കാല വിധി. തന്റെ ചിത്രമോ പേരോ കലാസൃഷ്ടികളോ അതേപോലെയോ തമാശ രൂപത്തിലോ നിർമിത ബുദ്ധിയുടെ സഹായത്തോടെയോ യുട്യൂബ് ചാനലുകളിലോ സമൂഹ മാധ്യമങ്ങളിലോ മൂന്നാം കക്ഷികൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണം എന്നായിരുന്നു ഇളയരാജയുടെ ആവശ്യം.
തന്റെ ചിത്രങ്ങളോ അതിനു സമാനമായ കൽപ്പിത ചിത്രങ്ങളോ തെറ്റിദ്ധാരണ പരത്തുന്ന രൂപത്തിൽ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമെന്നും ഹർജിയിൽ പറഞ്ഞു.