Rima Kallingal: റിമ മതം മാറുമോ എന്ന് അവരെന്നോട് ചോദിച്ചു, വിവാഹമെന്ന കരാറിൽ ഒപ്പുവെച്ചതിൽ ഖേദിക്കുന്നു: റിമ കല്ലിങ്കൽ
അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് റിമ കല്ലിങ്കൽ
രാഷ്ട്രീയപരമായും സിനിമാ പരമായും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ മടി കാണിക്കാത്ത നടിയാണ് റിമ കല്ലിങ്കൽ. ശക്തമായ രീതിയിൽ പ്രതികരിക്കുന്നതിനാൽ റിമയ്ക്ക് നിരവധി സിനിമകൾ നഷ്ടമായിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് റിമ കല്ലിങ്കൽ ഇപ്പോൾ. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
എപ്പോഴും ഞാനെന്നോട് സത്യസന്ധത കാണിച്ചിട്ടുണ്ട്. അങ്ങനെയല്ലാതെ എനിക്ക് പറ്റില്ലെന്ന് തോന്നിയിട്ടുണ്ട്. കുറച്ചൊക്കെ ഫേക്കാകേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ ആളുകളെ വേദനിപ്പിക്കാതിരിക്കാനാകും. അല്ലാതെ എല്ലാം പറഞ്ഞ് പണി വാങ്ങിയിട്ടുള്ള ആളാണ്. പക്ഷെ അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് എനിക്ക് സമാധാനമായി ജീവിക്കാമല്ലോ. പക്ഷെ ഒരു സിനിമാ സെറ്റിൽ എന്തെങ്കിലും നടക്കണമെങ്കിൽ ഞാൻ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണ്.
നമ്മൾ ഒരു വർക്ക് ഒരുമിച്ച് ചെയ്യുകയാണ്. അതിലൊരുപാട് കാശ് നിക്ഷേപിച്ചിട്ടുണ്ട്. ഇത്രയും ആൾക്കാരുടെ സമയമാണ്. അവരുടെ ക്രാഫ്റ്റാണ്. അവിടെ ഒരു കാര്യം സംഭവിപ്പിക്കാൻ എനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പോലും ഞാൻ വിഷയമാക്കില്ല. അതല്ലാതെ ബേസിക് റെസ്പെക്ട് ഞാനെന്നും ഡിമാന്റ് ചെയ്തിട്ടുണ്ട്. അത് എല്ലാ മനുഷ്യരും അർഹിക്കുന്നുണ്ട്. അത് ചോദിക്കാൻ എനിക്കൊരു മടിയുമില്ല.
കല്യാണം കഴിക്കാൻ പോകുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് ഒരു ഇവന്റിന് പോയപ്പോൾ റിമ മതം മാറുമോ എന്നാണ് ഒരു മീഡിയയിലെ ആൾ ചോദിച്ചത്. ഞാൻ ഈ ഉള്ള മതം എന്താണ് ചെയ്യുകയെന്ന് ആലോചിക്കുകയാണ്, ഇനി മാറുകയും വേണോ എന്ന് ഞാൻ ചോദിച്ചു. വിവാഹം ചെയ്യുമ്പോഴും സ്ത്രീയാകുമ്പോഴുമെല്ലാം നമ്മൾ ബോക്സ് ചെയ്യപ്പെടുന്നുണ്ടെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി.
ആഷിഖ് അബുവിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്നും ഓഫറുകൾ ഒന്നും വരാതായെന്ന് റിമ കല്ലിങ്കൽ നേരത്തെ പറഞ്ഞിരുന്നു. വിവാഹം എന്ന സിസ്റ്റം പുരുഷന് വേണ്ടി പുരുഷൻ ഉണ്ടാക്കിയതാണെന്നും സ്ത്രീക്ക് യാതൊരു ഗുണവും ഇല്ലെന്നും റിമ പറഞ്ഞു.
ഭർത്താവിന്റെ പേരിൽ കരിയറിൽ നിലനിൽക്കുന്ന ആളല്ല. ഞാൻ സെൽഫ് മേഡ് ആണെന്നതിൽ അഭിമാനിക്കുന്ന ആളാണ്. വിവാഹവും മറ്റും പറഞ്ഞ് എന്റെയടുത്തേക്ക് വരരുത്. ഞാൻ ആരിൽ നിന്നും ഒന്നും എടുക്കുന്നില്ല. വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനെ മനസിലാക്കാൻ ഞാനൊരുപാട് സമയം എടുത്തിട്ടുണ്ട്. പ്രണയമോ വ്യക്തിയോ അല്ല പ്രശ്നം. ഈ ഇൻസ്റ്റിറ്റ്യൂഷൻ എനിക്ക് പറ്റുന്നില്ല. അത് സ്ത്രീകൾക്ക് വേണ്ടി ഡിസെെൻ ചെയ്തതാണെന്ന് ഞാൻ കരുതുന്നില്ല. അത് പുരുഷൻമാർക്ക് വേണ്ടി പുരുഷൻമാർ ഡിസെെൻ ചെയ്തതാണ്.
ആ ഡോക്യുമെന്റിൽ ഒപ്പുവെച്ചതിൽ എനിക്ക് റിഗ്രറ്റുണ്ട്. നിങ്ങൾ ഈ വ്യക്തിയെ സ്നേഹിക്കുന്നു എന്നത് സമ്മതിക്കുന്നു എന്ന് മറ്റൊരാൾ പറയേണ്ടതില്ല. എനിക്കതിൽ വലിയ പ്രശ്നമുണ്ട്. ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർക്കെന്റെ ആത്മാവും ഹൃദയവും നൽകി സ്നേഹിക്കാൻ എനിക്കറിയാം. എനിക്കും ആഷിഖിനുമിടിയിൽ വിവാഹം പ്രശ്നമല്ല. പക്ഷെ വിവാഹമെന്ന ഡോക്യുമെന്റ് പ്രശ്നമാണ്. നമ്മുടെ ജീവിതത്തിലേക്ക് ഒന്നും ഇത് ആഡ് ചെയ്യുന്നില്ല. എന്നാൽ ഒരുപാട് പ്രശ്നങ്ങളുമുണ്ട്. പിന്നെ ഇത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല.