ബിഗ് ബോസ് താരങ്ങളായ ലെസ്ബിയൻ കപ്പിൾസ് ആദില-നൂറയെ അപമാനിച്ച സംഭവത്തിൽ മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ എകെയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. വിളിച്ച് വരുത്തിയ ശേഷം പരസ്യമായി അപമാനിക്കുന്നത് ശരിയല്ലെന്ന് സീമ ജി നായർ.
ആദിലയും നൂറയും ആരുടേയും കൊട്ടാരത്തിന് മുന്നിൽ വന്ന് കയറ്റുമോ എന്ന് ആവശ്യപ്പെടുന്നില്ലെന്നും അവർ അവർക്ക് ഇഷ്ടമുളളത് പോലെ ജീവിക്കട്ടെ എന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു. ഫൈസൽ എകെയുടെ ഗൃഹപ്രവേശത്തിന് അതിഥികളായി കഴിഞ്ഞ ദിവസം ആദിലയും നൂറയും പങ്കെടുത്തിരുന്നു. ഇവർക്ക് ഫൈസൽ ഹസ്തദാനം നൽകുന്നതും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുന്നതുമായ വീഡിയോകൾ പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി.
എന്നാൽ തൊട്ടടുത്ത ദിവസം ഇവരെ ക്ഷണിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഫൈസൽ രംഗത്ത് വന്നത് വലിയ വിമർശനത്തിനിടയാക്കി. ഓരോരുത്തർക്കും സ്വാതന്ത്ര്യമായി ജീവിക്കാൻ പറ്റണം. ഇന്ത്യൻ ഭരണഘടനയിൽ തന്നെ അതുണ്ട്. അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ ജീവിക്കട്ടെ. ആരുടേയും വീടിന്റെ മുന്നിൽ വന്നു ഞങ്ങൾക്ക് ചിലവിനു തരാമോ എന്ന് അവർ ചൊദിക്കുന്നില്ല. ആരുടേയും കൊട്ടാരത്തിനുമുന്നിൽ വന്നു ഇവിടെ ഞങ്ങളെ കേറ്റാമോ എന്നും ആവശ്യപ്പെടുന്നില്ലെന്നും സീമ പറയുന്നു.