മലയാള സിനിമയിലെ മിന്നും താരമാണ് പാർവതി തിരുവോത്ത്. മലയാളം കൂടാതെ നിരവധി ഭാഷകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷൻ നിർമിക്കുന്ന വെബ് സീരീസിലൂടെ ഒടിടി ലോകത്തേക്കുമെത്തുകയാണ് പാർവതി തിരുവോത്ത്. സ്‌റ്റോം എന്ന ആമസോൺ പ്രൈമിലൂടെയാണ് ബോളിവുഡിലേക്കുള്ള പാർവതിയുടെ തിരിച്ചുവരവ്.
സ്റ്റോമിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കവെ പാർവതി ഹൃത്വിക് റോഷനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. സൂപ്പർ താരമെങ്കിലും അതിന്റെ ജാഡകളൊന്നും ഹൃത്വിക് റോഷന് ഇല്ലെന്നാണ് പാർവതി പറഞ്ഞത്. പാർവതി പണ്ട് നൽകിയൊരു അഭിമുഖത്തിൽ സൂപ്പർ സ്റ്റാർ എന്ന പ്രയോഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകളും ഇപ്പോഴത്തെ വാക്കുകളും ചേർത്തുവച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുന്നത്.
''സൂപ്പർ താരമായിരുന്നിട്ടും ഹൃത്വിക്കും കുടുംബവും വളരെ ലാളിത്യത്തോടെയാണ് പെരുമാറിയയത്. അവർ ശരിക്കും മറ്റുള്ളവരിലെ വെളിച്ചം കാണുന്നവരാണ്. അതിനെ ഞാൻ ഏറെ അഭിനന്ദിക്കുന്നു. അവരുടെ ചോയ്‌സുകൾ മനോഹരമാണ്'' എന്നാണ് പാർവതി ഹൃത്വിക് റോഷനെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയില്ലെന്നായിരുന്നു പണ്ടൊരു അഭിമുഖത്തിൽ പാർവതി പറഞ്ഞത്. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. വെറുതെ സമയം കളയാനുള്ള കാര്യമാണ്. താരാരാധന മൂത്ത് ഭ്രാന്തായി ആളുകൾ ഇടുന്നതാണോ സൂപ്പർ സ്റ്റാർ എന്ന വാക്ക് എന്ന് അറിയില്ലെന്നും പാർവതി പറഞ്ഞിരുന്നു. ഇത് കുത്തിപ്പൊക്കി താരത്തെ വിമർശിക്കുകയാണ് സോഷ്യൽ മീഡിയ.
അവസരം തരുന്നത് കൊണ്ടാണോ ഹൃത്വിക് റോഷനെ സൂപ്പർ താരമെന്ന് വിളിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അന്ന് ഒരു നിലപാടും ഇന്ന് വേറൊരു നിലപാടും, ഇത് ഇരട്ടത്താപ്പാണ്. പരം സുന്ദരിയെ രഞ്ജി പണിക്കർ പൊക്കിയടിച്ചതും ഇതും ഒരുപോലെ തന്നെയാണെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്.
അതേസമയം 2026 പകുതിയോടെ സ്‌റ്റോം പ്രൈമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. പാർവതിയ്‌ക്കൊപ്പം സബ ആസാദ്, ആലയ എഫ്, സൃഷ്ടി ശ്രീവാത്സവ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന സീരീസ് സൗഹൃദസംഘത്തിന്റെ കഥയാണ് പറയുന്നതെന്നാണ് കരുതപ്പെടുന്നത്.