Memories: സാം അലക്സ് ഈസ് ബാക്? മെമ്മറീസിന് രണ്ടാം ഭാഗം വരുന്നു! പൃഥ്വിരാജ്-ജീത്തു കൂട്ടുകെട്ട് വീണ്ടും
പൃഥ്വിരാജിന് കരിയറിൽ ഏറെ മാറ്റം ഉണ്ടാക്കിയ സിനിമയായിരുന്നു ഇത്.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനെത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരുന്നു മെമ്മറീസ്. ജീത്തുവിന്റെ കരിയർ ബെസ്റ്റ് പടം എന്ന് തന്നെ പറയാം. സ്വന്തം സിനിമകളിൽ ജീത്തുവിന് ഏറ്റവും പ്രിയപ്പെട്ടതും ഈ സിനിമ തന്നെ. പൃഥ്വിരാജിന് കരിയറിൽ ഏറെ മാറ്റം ഉണ്ടാക്കിയ സിനിമയായിരുന്നു ഇത്.
ഇപ്പോഴിതാ, മെമ്മറീസിന് ഒരു രണ്ടാം ഭാഗം സംവിധായകന്റെ മനസിലുണ്ട് എന്ന് പൃഥ്വിരാജ് സുകുമാരൻ. താൻ നായകനായ ഏതെങ്കിലും സിനിമകളുടെ രണ്ടാം ഭാഗം ആലോചനയിലുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിലായത്ത് ബുദ്ധ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷണൽ അഭിമുഖത്തിലാണ് പൃഥ്വിരാജ് മെമ്മറീസിന്റെ തുടർച്ചയെ കുറിച്ച് മനസ്സ് തുറന്നത്.
'ഇത് ഇപ്പോൾ പറയാവുന്ന കാര്യമാണോ എന്നറിയില്ല, ജീത്തു ജോസഫിന് ഞങ്ങളൊരുമിച്ച മെമ്മറീസ് എന്ന ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കണമെന്ന മോഹമുണ്ട്. സാം അലക്സ് എന്ന കഥാപാത്രത്തിനൊരു തുടർച്ച ചെയ്യണമെന്ന് കുറച്ചുനാളായിട്ട് അദ്ദേഹം എന്നോട് പറയുന്നുണ്ട്', പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.
പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി എന്നും മെമ്മറീസിലെ സാം അലക്സ് പരിഗണിക്കപ്പെട്ടിരുന്നു. മതപരമായ പശ്ചാത്തലത്തിൽ സീരിയൽ കൊലപാതകങ്ങൾ നടത്തുന്ന ഒരു കൊലയാളിയെ പിടികൂടാൻ ശ്രമിക്കുന്ന ഇരുണ്ട ഭൂതകാലമുള്ള മദ്യപാനിയായ സാം അലക്സിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.