മലയാള സിനിമയില്‍ 2024ല്‍ ഉണ്ടായ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ. വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമ സമൂഹത്തെ സ്വാധീനിക്കും എന്ന തരത്തില്‍ പൊതുമണ്ഡലത്തിലും സിനിമ വലിയ ചര്‍ച്ചയായി. അതേസമയം ഹിന്ദി മാര്‍ക്കറ്റില്‍ സ്ഥാനം അടയാളപ്പെടുത്താന്‍ മാര്‍ക്കോയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ആദ്യഭാഗമായ മിഖായേല്‍ പരാജയമായിട്ടും മാര്‍ക്കോ സിനിമ സ്പിന്‍ ഓഫായി ചെയ്യാന്‍ തനിക്ക് പ്രചോദനമായത് ആട് 2 എന്ന സിനിമയുടെ വിജയമാണെന്ന് പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് ഉണ്ണി മുകുന്ദന്റെ ഈ പ്രതികരണം. ഒരു പരാജയത്തില്‍ നിന്ന് ഒരു ബ്രാന്‍ഡായി മാറിയതിന് ഈ ചിത്രത്തിന്റെ ടീമിന് തന്നെ ആശംസകള്‍ നേരുന്നതായി ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരു പരാജയ സിനിമയില്‍ നിന്നുമുണ്ടായ വിജയം എന്നതായിരുന്നു ആട് 2 എന്ന സിനിമയുടെ പ്രത്യേകത. എന്റെ കരിയറില്‍ ആട് നേരിട്ടല്ലാതെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മാര്‍ക്കോ എന്ന സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നി തുടങ്ങിയത് ആട് 2ന്റെ വിജയം കാരണമാണ്. അത് കണ്ടപ്പോഴാണ് മാര്‍ക്കോ ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചത്. പലരോടും അന്ന് ചോദിച്ചതാണ്. ആര്‍ക്കും അതില്‍ വലിയ താത്പര്യമുണ്ടായില്ല. ഒരിക്കല്‍ ആന്റോ ജോസഫ് ചേട്ടനോട് മാര്‍ക്കോ ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു. മിഖായേലിന്റെ നിര്‍മാതാവായിട്ടും ഒരു രൂപ പോലും വാങ്ങാതെ അദ്ദേഹം എന്‍ഒസി നല്‍കി. അങ്ങനെയാണ് മാര്‍ക്കോ ഉണ്ടായത്. ഉണ്ണി മുകുന്ദന്‍ പറഞ്ഞു.