ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത്- കമല്‍ഹാസന്‍ ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറി. രാജ് കമല്‍ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ കമല്‍ഹാസന്‍ നിര്‍മിക്കുന്ന ചിത്രം സുന്ദര്‍ സി സംവിധാനം ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞയാഴ്ചയാണുണ്ടായത്. ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായുള്ള സുന്ദര്‍ സിയുടെ പ്രസ്താവന നടിയും ഭാര്യയുമായ ഖുശ്ബു സുന്ദറാണ് പുറത്തുവിട്ടത്. പിന്നീട് ഈ പ്രസ്താവന പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹൃദയവേദനയോടെയാണ് വാര്‍ത്ത പങ്കുവെയ്ക്കുന്നതെന്നും അപ്രതീക്ഷിതവും ഒഴിവാക്കാന്‍ പറ്റാത്തതുമായ സാഹചര്യത്തില്‍ തലൈവര്‍ 173ല്‍ നിന്നും പിന്മാറുകയാണെന്നുമാണ് സുന്ദര്‍ സി കുറിപ്പില്‍ പറയുന്നത്. താന്‍ ആദരവോടെ നോക്കി കാണുന്നവര്‍ക്കൊപ്പം പങ്കിട്ട നിമിഷങ്ങളെ എന്നും ഓര്‍ത്തിരിക്കുമെന്നും സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദം രേഖപ്പെടുത്തുന്നതായും സുന്ദര്‍ സി കുറിപ്പില്‍ പറയുന്നു.