എമ്പുരാന്‍ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല: സുരേഷ് ഗോപി
എമ്പുരാന്‍ സിനിമയ്‌ക്കോ അതിന്റെ ഉള്ളടക്കത്തിനോ എതിരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ബോര്‍ഡും നിന്നിട്ടില്ല
മോഹന്‍ലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാന്‍' റിലീസ് സമയത്ത് വലിയ വിവാദമായിരുന്നു. ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ പരോക്ഷമായി പരാമര്‍ശിച്ച രംഗങ്ങളാണ് ബിജെപി - സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളെ ചൊടിപ്പിച്ചത്. താന്‍ എമ്പുരാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറയുകയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി.
ചിത്രത്തിലെ ഉള്ളടക്കത്തിനെതിരെ തന്റെ സര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോ മറ്റ് കേന്ദ്ര ഏജന്‍സികളോ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ തന്റെ പേര് വച്ചത് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ വിഷയം മനസ്സിലാക്കുകയും, തുടര്‍ന്ന് പൃഥ്വിരാജ്, മോഹന്‍ലാല്‍, നിര്‍മാതാവ് ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് സ്വമേധയാ ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസിന്റെ 'ന്യൂസ് മേക്കര്‍' പുരസ്‌കാര സമര്‍പ്പണ ചടങ്ങിനിടെ സംസാരിക്കുയായിരുന്നു അദ്ദേഹം.
എമ്പുരാന്‍ സിനിമയ്‌ക്കോ അതിന്റെ ഉള്ളടക്കത്തിനോ എതിരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ബോര്‍ഡും നിന്നിട്ടില്ല. സ്‌ക്രിപ്റ്റിനെതിരെയോ ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്കെതിരെയോ എന്റെ സര്‍ക്കാരിലെ ഒരു വിഭാഗവും വന്നിട്ടില്ല. വഖഫിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതെനിക്ക് പാര്‍ലമെന്റില്‍ പറയേണ്ടി വന്നു. വഖഫില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പെട്ടെന്ന് 'എമ്പുരാന്‍' അവിടെ എടുത്തിട്ട കുതന്ത്രം എന്താണെന്ന് എനിക്ക് അറിയില്ല. ബ്രിട്ടാസ് അവിടെ എഴുന്നേറ്റ് നിന്ന് ബിജിപി പക്ഷത്തേക്ക് ചൂണ്ടി അവിടെ ഇരിക്കുന്നവരെല്ലാം 'മുന്ന' ആണെന്ന് പറഞ്ഞു. പക്ഷേ മുന്ന ആരാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കാരണം ആ സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല എന്ന തീരുമാനവും എടുത്തിട്ടുണ്ട്.' സുരേഷ് ഗോപി പറഞ്ഞു.