ന്യൂഡൽഹി: ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവായ ആസിഫ് ഖുറേഷിയെ കുത്തിക്കൊന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ ഭോഗൽ പ്രദേശത്ത് പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകം. വ്യാഴാഴ്ച രാത്രി 10.30 ഓടേയാണ് സംഭവം.
ചർച്ച് ലെയിനിലെ തന്റെ വീടിന് മുന്നിൽ സ്‌കൂട്ടർ പാർക്ക് ചെയ്തത് ആസിഫ് ചോദ്യം ചെയ്തു. ഇതാണ് പ്രകോപനത്തിന് കാരണമായാത്. തർക്കം രൂക്ഷമായതിനെത്തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി ആസിഫിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരേ ലെയിനിൽ താമസിക്കുന്ന പ്രതികളായ ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരെ ആക്രമണത്തിന് തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചും പ്രതികളുടെ പങ്കിനെ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.