ഐസിസിയുടെ 2024ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി ന്യൂസിലന്‍ഡ് താരം അമേലിയ കെറിന്. ലൗറ വോള്‍വാര്‍ട്ട്, ചമരി അട്ടപ്പട്ടു,അന്നബെല്‍ സതര്‍ലന്‍ഡ് എന്നിവരെ മറികടന്നുകൊണ്ടാണ് അമേലിയ പുരസ്‌കാരം സ്വന്തമാക്കിയത്. നേരത്തെ ഐസിസിയുടെ 2024ലെ മികച്ച വനിതാ ടി20 താരമായും അമേലിയ കെര്‍ തിരെഞ്ഞെടുക്കപ്പെട്ടിരുന്നു.
2017ലാണ് മുതലാണ് ഐസിസി റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി മികച്ച വനിതാ താരങ്ങള്‍ക്ക് സമ്മാനിക്കാന്‍ ആരംഭിച്ചത്. പുരസ്‌കാരം നേടുന്ന നാലാമത്തെ മാത്രം താരമാണ് അമേലിയ കെര്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് താരവും അമേലിയയാണ്. നേരത്തെ ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, ഇന്ത്യയുടെ സ്മൃതി മന്ദാന, ഇംഗ്ലണ്ടിന്റെ നാറ്റ് സീവര്‍ ബ്രാന്‍ഡ് എന്നിവരാണ് ഇതിന് മുന്‍പ് ഈ പുരസ്‌കാരം നേടിയവര്‍. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിന്റെ 3 ഫോര്‍മാറ്റിലും ഓള്‍ റൗണ്ട് മികവാണ് അമേലിയ കെര്‍ പുറത്തെടുത്തത്.
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ 264 റണ്‍സും 14 വിക്കറ്റും താരം സ്വന്തമാക്കി. ടി20യില്‍ 18 മത്സരങ്ങളില്‍ നിന്നും 387 റണ്‍സും 29 വിക്കറ്റുകളും താരം സ്വന്തമാക്കി. ടി20 ലോകകപ്പില്‍ മാത്രം 15 വിക്കറ്റുകളാണ് ന്യൂസിലന്‍ഡിനായി താരം നേടിയത്.