Australia vs England, Ashes 1st Test: ഇത് ഓസ്‌ട്രേലിയയാണ്, ഇവിടിങ്ങനാണ് ! പിന്നില്‍ നിന്ന ശേഷം അനായാസ കുതിപ്പ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 172 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 132 ല്‍ അവസാനിച്ചു
Australia vs England, Ashes 1st test: ആഷസ് ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കിയത് ഒന്നാം ഇന്നിങ്‌സില്‍ 40 റണ്‍സ് ലീഡ് വഴങ്ങിയ ശേഷം. കളി ഇംഗ്ലണ്ടിന്റെ കൈകളിലേക്ക് പോകുകയാണെന്ന് തോന്നിപ്പിച്ചെങ്കിലും ഓസ്‌ട്രേലിയ തനിസ്വഭാവം പുറത്തെടുത്തതോടെ കാര്യങ്ങള്‍ നേര്‍വിപരീതമായി.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 172 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 132 ല്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സിലെ 40 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനു തുടക്കത്തില്‍ ഓപ്പണര്‍ സാക് ക്രൗലിയെ (അഞ്ച് പന്തില്‍ പൂജ്യം) നഷ്ടമായെങ്കിലും ബെന്‍ ഡക്കറ്റും (40 പന്തില്‍ 28), ഒലി പോപ്പും (57 പന്തില്‍ 33) ചേര്‍ന്ന് മികച്ച പാട്ണര്‍ഷിപ്പ് നല്‍കിയതാണ്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ജോ റൂട്ട് (11 പന്തില്‍ എട്ട്), ഹാരി ബ്രൂക്ക് (മൂന്ന് പന്തില്‍ പൂജ്യം), ബെന്‍ സ്റ്റോക്‌സ് (11 പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. ഗസ് അറ്റ്കിന്‍സണ്‍ (32 പന്തില്‍ 37), ബ്രണ്ടന്‍ കാര്‍സ് (20 പന്തില്‍ 20), ജാമി സ്മിത്ത് (25 പന്തില്‍ 15) എന്നിവര്‍ ഇംഗ്ലണ്ടിനായി പൊരുതി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 164 നു ഓള്‍ഔട്ട് ആയി. ഒന്നാം ഇന്നിങ്‌സിലെ 40 റണ്‍സ് ലീഡ് അടക്കം ഇംഗ്ലണ്ട് ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ വെച്ച വിജയലക്ഷ്യം 205 റണ്‍സ്. ഒന്നാം ഇന്നിങ്‌സില്‍ 132 നു ഓള്‍ഔട്ട് ഓസ്‌ട്രേലിയ എങ്ങനെ 205 ലേക്ക് എത്തുമെന്ന് ആരാധകര്‍ സംശയിച്ചെങ്കിലും വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു ആതിഥേയര്‍.
ട്രാവിഡ് ഹെഡ് ഓസ്‌ട്രേലിയയ്ക്കായി സെഞ്ചുറി നേടി. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത ഹെഡ് 83 പന്തില്‍ 16 ഫോറും നാല് സിക്‌സും സഹിതം 123 റണ്‍സെടുത്തു. മര്‍നസ് ലബുഷെയ്ന്‍ (49 പന്തില്‍ പുറത്താകാതെ 51), ജേക് വെതറാള്‍ഡ് (34 പന്തില്‍ 23) എന്നിവരും തിളങ്ങി. രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റുകള്‍ നേടിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് കളിയിലെ താരം.
അഞ്ച് മത്സരങ്ങളുടെ പരമ്പര 1-0 ത്തിനു ഓസീസ് ലീഡ് ചെയ്യുകയാണ്.