India A vs Bangladesh A: കണ്ണുംപൂട്ടി അടിക്കുന്ന ചെക്കന്‍ ഉള്ളപ്പോള്‍ ജിതേഷിനെ ഇറക്കിയിരിക്കുന്നു; തോറ്റത് നന്നായെന്ന് ആരാധകര്‍
സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ബൗള്‍ ചെയ്തത് സുയാഷ് ശര്‍മയാണ്
India A vs Bangladesh A: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് സെമി ഫൈനലില്‍ ബംഗ്ലാദേശ് എ ടീമിനെതിരെ ഇന്ത്യ എ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ഇരു ടീമുകളുടെയും നിശ്ചിത ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മത്സരം സമനിലയില്‍ ആയതോടെ സൂപ്പര്‍ ഓവര്‍ നടത്തിയാണ് വിജയികളെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ ബംഗ്ലാദേശ് എ വിജയിച്ചു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ റിപ്‌സണ്‍ മണ്ഡലിന്റെ ആദ്യ രണ്ട് പന്തുകളില്‍ വിക്കറ്റ് തുലച്ചു. ഇതോടെ ഒരു റണ്‍സ് വിജയലക്ഷ്യവുമായി ബംഗ്ലാദേശ് ഇറങ്ങി. ആദ്യ പന്തില്‍ ബംഗ്ലാദേശിനു വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം പന്ത് വൈഡ് എറിഞ്ഞതോടെ കളി ഇന്ത്യ തോറ്റു.
ബംഗ്ലാദേശിനു വേണ്ടി സൂപ്പര്‍ ഓവര്‍ എറിയാനെത്തിയ റിപ്‌സണ്‍ മണ്ഡല്‍ ആദ്യ പന്തില്‍ ഇന്ത്യന്‍ നായകന്‍ ജിതേഷ് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ അശുതോഷ് ശര്‍മയെ എക്‌സ്ട്രാ കവറില്‍ സവാദ് അബ്രാറിന്റെ കൈകളില്‍ എത്തിച്ച് ഇന്ത്യയുടെ സ്‌കോര്‍ കാര്‍ഡിനു പൂട്ടിട്ടു.
സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ബൗള്‍ ചെയ്തത് സുയാഷ് ശര്‍മയാണ്. ആദ്യ പന്തില്‍ ബംഗ്ലാദേശ് ബാറ്റര്‍ യാസിര്‍ അലിയെ രമണ്‍ദീപ് സിങ്ങിന്റെ കൈകളില്‍ എത്തിച്ച് സുയാഷ് ശര്‍മ ഇന്ത്യക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടടുത്ത പന്ത് വൈഡ് ആയതോടെ കളി ബംഗ്ലാദേശ് ജയിച്ചു.
സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയെ ഇറക്കാനുള്ള ഇന്ത്യയുടെ തീരുമാനം തോല്‍വി ചോദിച്ചുവാങ്ങിയതിനു തുല്യമെന്നാണ് ആരാധകര്‍ പറയുന്നത്. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളില്‍ നിന്ന് 243.88 സ്‌ട്രൈക് റേറ്റില്‍ 239 റണ്‍സ് നേടി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള വൈഭവ് സൂര്യവന്‍ശി സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനു ഇറങ്ങിയില്ല. വൈഭവിനെ ഇറക്കാതിരുന്നത് ഇന്ത്യയുടെ മണ്ടത്തരമാണെന്നാണ് ആരാധകരുടെ വിമര്‍ശനം.