അന്താരാഷ്ട്ര ക്രിക്കറ്റില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സെഞ്ചുറി നേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ താരം ബാബര്‍ അസം. ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 119 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് താരം സ്വന്തമാക്കിയത്. ബാബറിന്റെ സെഞ്ചുറിയുടെ ബലത്തില്‍ മത്സരത്തില്‍ 8 വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ പാകിസ്ഥാനായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 288 റണ്‍സാണെടുത്തത്. 48.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ഇത് പാകിസ്ഥാന്‍ മറികടന്നത്.
2023ലെ ഏഷ്യാകപ്പില്‍ നേപ്പാളിനെതിരെയാണ് താരം അവസാനമായി അന്താരാഷ്ട്ര സെഞ്ചുറി നേടിയത്. 800 ദിവസങ്ങള്‍ക്ക് മുകളിലായി 3 ഫോര്‍മാറ്റുകളിലായി 83 മത്സരങ്ങളില്‍ ബാബറിന് സെഞ്ചുറി സ്വന്തമാക്കാനായിരുന്നില്ല. നേരത്തെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററായ വിരാട് കോലിയും 83 മത്സരങ്ങളില്‍ സെഞ്ചുറിയില്ലാതെ കടന്നുപോയിരുന്നു. കോലിയ്ക്ക് സമാനമായി 84മത്തെ ഇന്നിങ്ങ്‌സിലാണ് ബാബറും സെഞ്ചുറി നേടിയത്.
സെഞ്ചുറിക്കൊപ്പം പാകിസ്ഥാനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡില്‍ സയ്യിദ് അന്‍വര്‍ക്കൊപ്പമെത്താന്‍ ബാബര്‍ക്ക് സാധിച്ചു. 20 സെഞ്ചുറികളാണ് ഇരുതാരങ്ങള്‍ക്കുമുള്ളത്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഒരു സെഞ്ചുറി കൂടി നേടി സയ്യിദ് അന്‍വറിനെ മറികടക്കാന്‍ ബാബറിനാകും.