പരിക്കിൽ നിന്നും മോചിതനായി ഹാർദ്ദിക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും
ആഭ്യന്തര ടി20 ടൂര്‍ണമെന്റില്‍ ബറോഡയ്ക്കായി കളിച്ചുകൊണ്ടായിരിക്കും ഹാര്‍ദ്ദിക് മത്സരക്രിക്കറ്റില്‍ തിരിച്ചെത്തുക.
ഏഷ്യാകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യ സജീവക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഏഷ്യാകപ്പിലെ ഫൈനല്‍ മത്സരവും ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളും ഹാര്‍ദ്ദിക്കിന് നഷ്ടമായിരുന്നു. ആഭ്യന്തര ടി20 ടൂര്‍ണമെന്റില്‍ ബറോഡയ്ക്കായി കളിച്ചുകൊണ്ടായിരിക്കും ഹാര്‍ദ്ദിക് മത്സരക്രിക്കറ്റില്‍ തിരിച്ചെത്തുക.
ഈ മാസം 26നാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് തുടങ്ങുന്നത്. ആദ്യമത്സരത്തില്‍ ബറോഡ ഹൈദരാബാദിനെയാണ് നേരിടുന്നത്. ഈ മാസം 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തിരിച്ചെത്താന്‍ കായികക്ഷമത തെളിയിക്കാന്‍ ഈ മത്സരം ഹാര്‍ദ്ദിക്കിന് നിര്‍ണായകമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായില്ലെങ്കില്‍ ഡിസംബര്‍ 9 മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലാകും ഹാര്‍ദ്ദിക് തിരിച്ചെത്തുക. 5 ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.