ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കുരുങ്ങി പ്രോട്ടീസ്. ആദ്യ ഇന്നിങ്ങ്‌സില്‍ 159 റണ്‍സില്‍ ഓളൗട്ടായ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ 189 റണ്‍സില്‍ തളയ്ക്കാന്‍ സാധിച്ചിരുന്നു. 109 റണ്‍സിന് 2 വിക്കറ്റെന്ന നിലയില്‍ നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടാരം കയറിയത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറും പേസര്‍ മാര്‍ക്കോ യാന്‍സനുമാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കിയത്.
ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 30 റണ്‍സ് ലീഡ് മറികടന്ന് ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 93 റണ്‍സിന് 7 വിക്കറ്റെന്ന നിലയിലാണ്. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ വീഴുമ്പോഴും പ്രതിരോധം തീര്‍ത്ത നായകന്‍ തെംബ ബവുമയാണ് ടീമിനെ രണ്ടാം ദിനത്തില്‍ ഓളൗട്ടില്‍ നിന്നും രക്ഷിച്ചത്. 78 പന്തില്‍ നിന്ന് 29 റണ്‍സാണ് ബവുമ സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്ങ്‌സില്‍ തുടക്കത്തിലെ തന്നെ ഓപ്പണര്‍മാരെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും മികച്ച കൂട്ടുക്കെട്ട് സൃഷ്ടിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുമ്പോഴും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് പ്രതിരോധം തീര്‍ത്ത ബവുമയാണ് ടീം സ്‌കോര്‍ നൂറിനടുത്തെത്തിച്ചത്.ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 29 റണ്‍സ് വഴങ്ങി 4 വിക്കറ്റും കുല്‍ദീപ് യാദവ് 12 റണ്‍സ് വഴങ്ങി 2 വിക്കറ്റും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.