ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം വിരാട് കോലിയെ തിരികെകൊണ്ടുവരാന്‍ ബിസിസിഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ടെസ്റ്റ് ഫോര്‍മാറ്റിലെ തീരുമാനം പുനഃപരിശോധിക്കുന്ന കാര്യം കോലിയുമായി സംസാരിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് നീക്കം.
കഴിഞ്ഞവര്‍ഷം ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായതിന് ശേഷമാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നേരിട്ട അപമാനകരമായ പരാജയത്തിന്റെയും ഫോമില്ലായ്മയുടെയും പേരിലായിരുന്നു ഈ താരങ്ങളുടെ വിരമിക്കല്‍. സീനിയര്‍ താരങ്ങള്‍ വിരമിച്ചിട്ടും ടെസ്റ്റില്‍ ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചതോടെയാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ ബിസിസിഐ കോലി സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ടീമിന്റെ പ്രകടനത്തില്‍ വലിയ വിമര്‍ശനമാണ് പരിശീലകനായ ഗൗതം ഗംഭീറും ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറും നേരിടുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ കെ എല്‍ രാഹുലൊഴികെ ബാറ്റിങ്ങില്‍ കാര്യമായ പരിചയസമ്പത്തുള്ള കളിക്കാരില്ല എന്നതാണ് കോലിയെ ബിസിസിഐ വീണ്ടും പരിഗണിക്കാനൊരുങ്ങുന്നതിന്റെ കാരണം. സമീപകാലത്തായി ടെസ്റ്റില്‍ കോലി മോശം ഫോമിലാണെങ്കിലും താരത്തിന്റെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ബിസിസിഐ കരുതുന്നത്.