മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ ബാറ്റിംഗ് വെടിക്കെട്ട് തീര്‍ത്ത് പഞ്ചാബ്. 32 പന്തില്‍ സെഞ്ചുറിയുമായി അഭിഷേക് ശര്‍മ കത്തികയറിയപ്പോള്‍ പഞ്ചാബ് സ്‌കോറിങ്ങിനെ നിയന്ത്രിക്കാന്‍ ബംഗാള്‍ ബൗളര്‍മാര്‍ക്കായില്ല. ഇന്ത്യന്‍ സീനിയര്‍ താരം മുഹമ്മദ് ഷമിയെ അടക്കം യാതൊരു ദയയുമില്ലാതെയാണ് അഭിഷേക് പ്രഹരിച്ചത്. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണ് പഞ്ചാബ് സ്വന്തമാക്കിയത്.
ആദ്യ വിക്കറ്റില്‍ പ്രഭ്‌സിമ്രാനൊപ്പം 205 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് അഭിഷേക് ശര്‍മ കുറിച്ചത്. മത്സരത്തിന്റെ പതിനെട്ടാം ഓവറില്‍ പുറത്താകുമ്പോള്‍ 52 പന്തില്‍ 16 സിക്‌സിന്റെയും 8 ബൗണ്ടറികളുടെയും അകമ്പടിയില്‍ 148 റണ്‍സാണ് താരം സ്വന്തമാക്കിയത്. 32 പന്തിലായിരുന്നു അഭിഷേകിന്റെ സെഞ്ചുറി. 35 പന്തില്‍ 70 റണ്‍സുമായി പ്രഭ് സിമ്രാനും മികച്ച പ്രകടനം നടത്തി. അവസാന ഓവറുകളില്‍ 15 പന്തില്‍ 39 റണ്‍സുമായി രമണ്‍ദീപ് സിംഗും 9 പന്തില്‍ 22 റണ്‍സുമായി സന്‍വീര്‍ സിംഗും ആഞ്ഞടിച്ചതോടെയാണ് ടീം സ്‌കോര്‍ 300 കടന്നത്.
4 ഓവറില്‍ 61 റണ്‍സാണ് മുഹമ്മദ് ഷമി വിട്ടുകൊടുത്തത്. ബംഗാളിനായി 7 ബൗളര്‍മാര്‍ പന്തെടുത്തെങ്കിലും എല്ലാവരും തന്നെ പഞ്ചാബ് ബാറ്റിംഗ് നിരയുടെ ചൂടറിഞ്ഞു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 5 ഓവറില്‍ 52 റണ്‍സിന് 4 വിക്കറ്റെന്ന നിലയിലാണ് ബംഗാള്‍. 14 പന്തില്‍ 39 റണ്‍സുമായി അഭിമന്യൂ ഈശ്വരനാണ് ക്രീസിലുള്ളത്.