Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ
ചാംപ്യന്‍സ് ട്രോഫിയും ഏഷ്യ കപ്പും ഇന്ത്യക്കു നേടിത്തന്നത് ഗംഭീറാണ്
Gautam Gambhir: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തു നിന്ന് ഗൗതം ഗംഭീറിനെ നീക്കില്ല. ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ വ്യക്തമാക്കി.
' ഗൗതം ഗംഭീറിനെ പരിശീലകസ്ഥാനത്തു നിന്ന് നീക്കാന്‍ ഒരു ആലോചനയും നടക്കുന്നില്ല. ടീമിനെ പുനര്‍നിര്‍മിക്കുകയെന്ന ദൗത്യത്തിലാണ് ഇപ്പോള്‍ ഗംഭീര്‍. തലമുറ മാറ്റത്തിന്റെ വെല്ലുവിളികള്‍ മാത്രമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ ഗംഭീറിന്റെ കരാര്‍ നിലവിലുണ്ട്,' ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചാംപ്യന്‍സ് ട്രോഫിയും ഏഷ്യ കപ്പും ഇന്ത്യക്കു നേടിത്തന്നത് ഗംഭീറാണ്. വിരാട് കോലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അസാന്നിധ്യത്തിലും ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര 2-2 സമനില പിടിച്ചു. ഇതെല്ലാം ഗംഭീറിന്റെ കീഴിലുള്ള നേട്ടങ്ങളാണ്. അങ്ങനെയൊരു പരിശീലകനെ എഴുതിത്തള്ളുന്നത് ശരിയല്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്. ടെസ്റ്റില്‍ മാത്രമായി പുതിയ പരിശീലകന്‍ എന്ന നയം ബിസിസിഐയുടെ ആലോചനയിലില്ല.
പരിശീലകസ്ഥാനത്ത് തുടരാന്‍ ഗംഭീറും ആഗ്രഹിക്കുന്നുണ്ട്. അടുത്ത ടെസ്റ്റ് പരമ്പര കൂടി നോക്കിയ ശേഷം തന്റെ കാര്യത്തില്‍ ബിസിസിഐയ്ക്കു എന്തുവേണമെങ്കിലും തീരുമാനിക്കാമെന്നാണ് ഗംഭീറിന്റെ പക്ഷം.
അതേസമയം ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഇതുവരെ 19 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. അതില്‍ ജയിക്കാനായത് ഏഴെണ്ണത്തില്‍ മാത്രം. രണ്ട് മത്സരങ്ങള്‍ സമനിലയായപ്പോള്‍ 10 മത്സരങ്ങളില്‍ തോറ്റു. നാട്ടില്‍ കളിച്ച അവസാന ഏഴ് ടെസ്റ്റില്‍ അഞ്ചിലും ഇന്ത്യ തോല്‍വി വഴങ്ങി.