ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ പരിശീലകനെ മാറ്റണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഉടമയായ പാര്‍ഥ് ജിന്‍ഡാല്‍. ഗൗതം ഗംഭീറിന് പകരം ടെസ്റ്റ് ഫോര്‍മാറ്റില്‍ മറ്റൊരു പരിശീലകനെ നിയമിക്കാന്‍ ജിന്‍ഡാല്‍ ആവശ്യപ്പെട്ടു. ലിമിറ്റഡ് ഓവറില്‍ ഇന്ത്യന്‍ പ്രകടനം മികച്ചതാണെങ്കിലും ടെസ്റ്റിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ ശരിയാകുന്നില്ലെന്ന് പാര്‍ഥ് ജിന്‍ഡാല്‍ പറയുന്നു.
എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പാര്‍ഥ് ജിന്‍ഡാല്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. വിജയത്തിന് അടുത്ത് പോലും എത്താന്‍ സാധിച്ചില്ല. സ്വന്തം നാട്ടില്‍ പൂര്‍ണ്ണമായ തോല്‍വി!, സ്വന്തം നാട്ടില്‍ നമ്മുടെ ടെസ്റ്റ് ടീമിനെ ഇത്രയും ദുര്‍ബലമായി കണ്ടതോര്‍ക്കുന്നില്ല. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യ ഒരു സ്‌പെഷ്യലിസ്റ്റ് റെഡ് ബോള്‍ പരിശീലകനെ നിയമിക്കേണ്ട സമയമായി. പാര്‍ഥ് ജിന്‍ഡാല്‍ കുറിച്ചു.
ഗംഭീര്‍ ചുമതലയേറ്റ ശേഷം 19 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 7 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ 10 മത്സരങ്ങളില്‍ പരാജയപ്പെടുകയും 2 മത്സരം സമനിലയിലാവുകയും ചെയ്തു. ടെസ്റ്റ് ഫോര്‍മാറ്റില്‍ 37 ശതമാനം വിജയമാണ് ഗംഭീറിന് കീഴില്‍ ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ വിജയിച്ചതില്‍ ഏറെയും ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരായ മത്സരങ്ങളിലായിരുന്നു.