സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ ബൗളിംഗ് പരിശീലകനായ മോര്‍ണെ മോര്‍ക്കല്‍. രോഹിത്തിന്റെയും കോലിയുടെയും സാന്നിധ്യം എതിരാളികള്‍ക്ക് മുകളില്‍ ഇന്ത്യയ്ക്ക് മാനസികമായ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നാണ് മോര്‍ക്കല്‍ വ്യക്തമാക്കിയത്. പകരം വെയ്ക്കാന്‍ സാധിക്കാത്ത താരങ്ങളാണ് ഇരുവരുമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തുകയാണെങ്കില്‍ ഇരുവരെയും അടുത്ത ലോകകപ്പില്‍ കളിപ്പിക്കണമെന്നും മോര്‍ക്കല്‍ പറഞ്ഞു.
ഞാന്‍ കളിച്ചിരുന്ന കാലത്ത് ഏറ്റവും വെല്ലുവിളിയായിരുന്ന താരങ്ങളാണ് ഇരുവരും. ലോകകപ്പില്‍ കളിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം കോലിയും രോഹിത്തും നടത്തുമെന്നാണ് പ്രതീക്ഷയെന്നും മോണെ മോര്‍ക്കല്‍ പറഞ്ഞു. അതേസമയം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പരിക്കില്‍ നിന്നും മോചിതനായി വരികയാണെന്നും ശ്രേയസ് അയ്യരും സുഖം പ്രാപിച്ച് വരികയാണെന്നും മോര്‍ക്കല്‍ പറഞ്ഞു.