ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് വെല്ലുവിളിയായി സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ശ്രേയസ് പുറത്തിരിക്കും. വിന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ ശ്രേയസ് മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍, ട്വന്റി 20 യിലേക്ക് വന്നപ്പോള്‍ സൂര്യകുമാര്‍ യാദവിനാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും അവസരം നല്‍കിയത്. ആദ്യ ട്വന്റി 20 യില്‍ തന്നെ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ വിജയത്തിലെത്തിച്ച് രോഹിത്തിന്റെ പ്രതീക്ഷകള്‍ കാത്തു.
മധ്യനിരയില്‍ വിശ്വസ്തനായ ബാറ്റര്‍ എന്ന നിലയില്‍ സൂര്യകുമാര്‍ പേരെടുത്തു കഴിഞ്ഞു. ക്രീസില്‍ ആത്മവിശ്വാസത്തോടെ ഏത് ബൗളറേയും നേരിടാനുള്ള സന്നദ്ധതയും എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള മനോഭാവവുമാണ് സൂര്യകുമാറിന് മേല്‍ക്കൈ നല്‍കുന്നത്. ശ്രേയസ് അയ്യരെ പിന്നിലാക്കിയാണ് സൂര്യകുമാര്‍ യാദവ് രോഹിത്തിന്റെ വിസ്വാസം നേടിയെടുത്തത്.
മറുവശത്ത് വെങ്കടേഷ് അയ്യരും മധ്യനിരയില്‍ തിളങ്ങുന്നു. മാത്രമല്ല രോഹിത് തേടുന്ന ആറാം ബൗളര്‍ എന്ന ഓപ്ഷന് വെങ്കടേഷ് അയ്യര്‍ എല്ലാ അര്‍ത്ഥത്തിലും ചേരുന്നു. പന്തെറിയാന്‍ കൂടി കഴിയുന്ന താരങ്ങള്‍ക്കാണ് ടീമില്‍ ഇനി മുന്‍ഗണനയെന്ന് രോഹിത് തുറന്നുപറഞ്ഞു. വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകുമെന്ന് ഇതോടെ ഉറപ്പായി. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ആറാം ബൗളര്‍ എന്ന ഓപ്ഷനിലേക്ക് നിലവില്‍ വെങ്കടേഷ് അയ്യര്‍ അല്ലാതെ വേറൊരു സാധ്യതയില്ല. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്ന ആനുകൂല്യവും വെങ്കടേഷ് അയ്യര്‍ക്കുണ്ട്. ഇതെല്ലാം ശ്രേയസ് അയ്യര്‍ക്ക് തിരിച്ചടിയാകുന്നു.