അടുത്തവര്‍ഷം ആദ്യം ആരംഭിക്കുന്ന ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളുമായി സജീവമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ലോകകപ്പിന് മുന്‍പായി ടീം ബാലന്‍സ് നിലനിര്‍ത്തുകയും താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ് ചെയ്യുകയും ചെയ്യുക എന്നത് ടീമിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ഇപ്പോഴിതാ ഇതിന്റെ ഭാഗമായി റ്റീമിലെ പ്രധാനതാരങ്ങള്‍ക്ക് വരുന്ന സീരീസുകള്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ടീം വിശ്രമം നല്‍കിയേക്കും. ടി20 ലോകകപ്പ് വരുന്ന പശ്ചാത്തലത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കും ടീം വിശ്രമം അനുവദിച്ചേക്കും.
കഴിഞ്ഞ എഷ്യാകപ്പിലെ ടി20 മത്സരത്തിനിടെ ദുബായില്‍ വെച്ചാണ് ഹാര്‍ദ്ദിക്കിന് ക്വാസ്ട്രിസെപ്‌സ് പരിക്ക് ബാധിച്ചത്. ഇതിന്റെ ഫലമായി ഏഷ്യാകപ്പ് ഫൈനല്‍ മത്സരവും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും താരത്തിന് നഷ്ടപ്പെട്ടിരുന്നു. നിലവില്‍ ബിസിസിഐയുടെ സെന്‍ട്രല്‍ ഓഫ് എക്‌സലന്‍സില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഹാര്‍ദ്ദിക്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്കായി കളിച്ച് മത്സരക്ഷമത തെളിയിച്ച ശേഷം ദക്ഷിണാഫ്രിക്കക്കും ന്യൂസിലന്‍ഡിനും എതിരെ നടക്കുന്ന ടി20 പരമ്പരകളില്‍ ഹാര്‍ദിക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ കഴിയുന്നതോടെ 2027ലെ ഏകദിന ലോകകപ്പിനായുള്ള ക്യാമ്പയിനിലേക്ക് ഇന്ത്യ മാറും.