രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കറിയയുടെ പിതാവ് കാഞ്ചി ബായ് കൊവിഡ് ബാധിച്ച് അന്തരിച്ചു. ഞായറാഴ്‌ച്ച ഗുജറാത്തിലെ ബാവ്‌നഗറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ചേതൻ പിതാവിനെ സന്ദർശിച്ചത് വാർത്തായായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഐപിഎല്ലിലെ തന്റെ പ്രതിഫലം ലഭിച്ചുവെന്നും പണം കൊണ്ട് പിതാവിനെ ചികിത്സിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ചേതൻ പറഞ്ഞത്. കുടുംബം ഏറ്റവും പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ പ്രതിഫലം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിന്റെ മരണവാർത്ത എത്തിയിരിക്കുന്നത്.
ഐപിഎൽ 2021ൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന ചേതന്റെ സഹോദരൻ മാസങ്ങൾക്ക് മുൻപാണ് ആത്മഹത്യ ചെയ്‌തത്. ഇതിന് ശേഷമായിരുന്നു ഐപിഎൽ താരലേലത്തിൽ ചേതനെ രാജസ്ഥാൻ സ്വന്തമാക്കിയത്. പിതാവിനെ ചികിത്സിക്കാൻ പണം സമ്പാദിക്കണമെന്നും ഒരു പുതിയ വീട് നിർമിക്കണമെന്നുമായിരുന്നു ചേതന്റെ വലിയ ആഗ്രഹങ്ങൾ.
എന്റെ കുടുംബത്തിലെ ഏക വരുമാനമുള്ള വ്യക്തി ഞാനാണ്. ഒരു കോടിയിൽ എത്ര പൂജ്യം ഉണ്ടെന്ന് കൂടി എന്റെ അമ്മയ്ക്ക് അറിയില്ല. എന്റെ കമ്മ്യൂണിറ്റിയിൽ ഇത്രയും സമ്പാദിക്കുന്ന മറ്റാരുമില്ല. അച്ഛനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. ഒരു പുതിയ വീട് നിർമിക്കണം. ഇതെല്ലാം എനിക്ക് സാധ്യമാകുന്നത് ഐപിഎൽ കാരണമാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മാറ്റിവെയ്‌ക്കുന്ന സാഹചര്യം വന്ന സമയത്ത് ചേതൻ പറഞ്ഞു.
എന്നാൽ പ്രതീക്ഷകളെയാകെ തകിടം മറിച്ചുകൊണ്ടാണ് പിതാവ് ചേതനെയും അമ്മയേയും വിട്ടിപിരിഞ്ഞിരിക്കുന്നത്.