ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനാകാന്‍ ശുഭ്മാന്‍ ഗില്ലിന് മുകളില്‍ ബിസിസിഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. 2027 ലെ ഏകദിന ലോകകപ്പില്‍ നായകനെന്ന നിലയില്‍ തയ്യാറെടുക്കാന്‍ ഗില്ലിന് കൂടുതല്‍ സമയം വേണം എന്ന കാരണം കാണിച്ചായിരുന്നു രോഹിത്തിനെ ഏകദിന നായകസ്ഥാനത്ത് നിന്നും ബിസിസിഐ നീക്കം ചെയ്തത്. നായകസ്ഥാനത്ത് നിന്നും പുറത്തുപോയതോടെ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഏകദിന കരിയറിന് അവസാനമായെന്ന അഭ്യൂഹങ്ങള്‍ നില്‍ക്കെയാണ് കൈഫിന്റെ ആരോപണം.
അപ്രതീക്ഷിതമായ തീരുമാനമായിരുന്നു ഇത്. വളരെ തിടുക്കപ്പെട്ട് എടുത്ത തീരുമാനം പോലെ തോന്നുന്നു. ഒരു കളിക്കാരനെന്ന നിലയില്‍ ഏകദിന ലോകകപ്പില്‍ ഗില്ലിന്റെ സ്ഥാനം ഉറപ്പായിരുന്നു. എന്നാല്‍ ടെസ്റ്റിന് പുറമെ ഏകദിനത്തിന്റെയും നായകസ്ഥാനം നല്‍കുന്നതോടെ ഗില്ലിന് മുകളില്‍ അമിതമായ ഭാരം പെട്ടെന്ന് അടിച്ചേല്‍പ്പിക്കുന്ന പോലെയാണ് തോന്നുന്നത്. ചിലപ്പോള്‍ ഇത് തെറ്റായ ഫലമാകും നല്‍കുന്നത്.
അവന് അമിതഭാരം നല്‍കേണ്ടതില്ലെന്നാണ് കരുതുന്നത്. ടെസ്റ്റില്‍ നായകനാക്കി, ടി20യില്‍ ഉപനായകന്‍. ഇപ്പോള്‍ ഏകദിന ടീമില്‍ നായകന്‍. എല്ലാം വളരെ പെട്ടെന്നുണ്ടായ കാര്യങ്ങള്‍. ഒരു കളിക്കാരന്‍ ഒരിക്കലും ക്യാപ്റ്റന്‍സി ചോദിച്ച് വാങ്ങാറില്ല. അങ്ങനെ ഡിമാന്‍ഡ് ചെയ്ത് നടക്കുന്ന കാര്യമല്ല അത്. തീര്‍ച്ചയായും സെലക്ടര്‍മാര്‍ ഗില്ലിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കും.യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കൈഫ് പറഞ്ഞു.