'സാങ്കേതിക പിഴവുകളാണ് തോല്‍പ്പിച്ചത്'; കടിച്ചുതൂങ്ങരുത് 'തലമുറമാറ്റ'ത്തില്‍
ഐപിഎല്‍ കളിക്കുന്ന സമയം കുറച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ് പറഞ്ഞു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് തോല്‍വികളിലും ഇന്ത്യ പ്രതിരോധം തീര്‍ക്കുന്നത് തലമുറ മാറ്റത്തില്‍ ചാരിയാണ്. എന്നാല്‍ ഇന്ത്യയെ തോല്‍പ്പിച്ചത് സാങ്കേതിക പിഴവുകള്‍ ആണെന്നും തലമുറമാറ്റം കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുന്‍ ദേശീയ ടീം താരം വെങ്കടേഷ് പ്രസാദ് പറഞ്ഞു.
' തലമുറമാറ്റമെന്നു പറഞ്ഞ് നമുക്ക് ഈ തോല്‍വിയെ പ്രതിരോധിക്കാന്‍ സാധിക്കില്ല. സായ് സുദര്‍ശന്‍, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി ഒഴിച്ച് ബാക്കിയുള്ള പല താരങ്ങളും 7-8 വര്‍ഷമായി ഏതെങ്കിലും തരത്തില്‍ രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമാണ്. വളരെ പരിചയ സമ്പത്തുള്ള ചില താരങ്ങളും ഈ കൂട്ടത്തില്‍ ഉണ്ട്. തന്ത്രപരമായ പിഴവുകള്‍ തന്നെയാണ് ഇപ്പോഴത്തെ തോല്‍വികള്‍ക്കു കാരണം. ഓള്‍റൗണ്ടര്‍മാരം കുത്തിനിറച്ച് കളിക്കാനുള്ള അമിത അഭിനിവേശം ഒരു വീഴ്ചയാണ്. പിഴവുകളില്‍ നിന്ന് പഠിക്കുന്നില്ല എന്നതിന്റെ സൂചന,' വെങ്കടേഷ് പ്രസാദ് പറഞ്ഞു.
ഐപിഎല്‍ കളിക്കുന്ന സമയം കുറച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ് പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ നാട്ടില്‍ മൂന്ന് പരമ്പര കളിക്കുകയും അതില്‍ രണ്ടെണ്ണം വൈറ്റ് വാഷ് ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ കളിക്കാന്‍ വരുമ്പോള്‍ മറ്റു ടീമുകള്‍ക്കു ഭയമുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ നമ്മെ വിലകുറച്ചു കാണുകയാണ്. വളരെ കടുത്ത തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ഇന്ത്യ തയ്യാറാകണമെന്നാണ് ദേശീയ ടീം മുന്‍താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക് പറഞ്ഞത്.