109-3 ല്‍ നിന്ന് 189 ല്‍ ഓള്‍ഔട്ട് ! ഇന്ത്യക്കും നാണക്കേട്
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്ത ശേഷമാണ് ഇന്ത്യയുടെ വന്‍ തകര്‍ച്ച
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 189 നു ഓള്‍ഔട്ട്. 30 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 159 നു ഓള്‍ഔട്ട് ആയിരുന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്ത ശേഷമാണ് ഇന്ത്യയുടെ വന്‍ തകര്‍ച്ച. സ്‌കോര്‍ ബോര്‍ഡില്‍ അടുത്ത 80 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഏഴ് വിക്കറ്റുകളും നഷ്ടമായി. 119 പന്തില്‍ 39 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വണ്‍ഡൗണ്‍ ആയി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ 82 പന്തുകള്‍ നേരിട്ട് 29 റണ്‍സെടുത്തു. റിഷഭ് പന്ത് (24 പന്തില്‍ 27), രവീന്ദ്ര ജഡേജ (45 പന്തില്‍ 27) എന്നിവരും ചെറുത്തുനിന്നു. നായകന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിങ്ങിനിടെ ഉണ്ടായ കഴുത്ത് വേദനയെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഔട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. മൂന്ന് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ നായകന്‍ കളം വിട്ടത്.
ദക്ഷിണാഫ്രിക്കയ്ക്കായി സിമണ്‍ ഹാര്‍മര്‍ 15.2 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ യാന്‍സണ്‍ മൂന്നും കേശവ് മഹാരാജ്, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.