ദക്ഷിണാഫ്രിക്കക്കെതിരെ നേരിട്ട നാണംകെട്ട സീരീസ് വൈറ്റ് വാഷിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ പാകിസ്ഥാനും പിന്നിലായി ഇന്ത്യ. ഗുവാഹട്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ 408 റണ്‍സിന്റെ നാണംകെട്ട പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന് പരാജയപ്പെട്ടിരുന്ന ഇന്ത്യ ഇതോടെ 0-2 എന്ന നിലയില്‍ പരമ്പര ദക്ഷിനാഫ്രിക്കയ്ക്ക് അടിയറവ് വെച്ചു. നിലവിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ കളിച്ച 9 ടെസ്റ്റ് മത്സരങ്ങളില്‍ 4 വീതം ജയവും തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്.
കളിച്ച 4 മത്സരങ്ങളിലും വിജയിച്ച ഓസ്‌ട്രേലിയയാണ് നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. 4 മത്സരങ്ങളില്‍ 3 എണ്ണത്തില്‍ വിജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 2 കളികളില്‍ ഒരു വിജയവും ഒരു സമനിലയുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും 2 കളികളില്‍ ഒരു വിജയവും ഒരു സമനിലയുമായി പാകിസ്ഥാന്‍ നാലാം സ്ഥാനത്തുമാണ്.
ഓസ്‌ട്രേലിയയാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. പിന്നെ സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാന്‍, പിന്നെ ഇന്ത്യ. മുന്‍പന്തിയിലെ ടീമുകള്‍ക്കുമായി ഇന്ത്യയ്ക്കുള്ള ദൂരവും തോല്‍വികള്‍ക്ക് പിന്നാലെ കൂടുതല്‍ വര്‍ധിച്ചു. തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ തന്നെ ഇന്ത്യ തകര്‍ന്നതോടെ ടീമിന്റെ ദീര്‍ഘമായ ഫോര്‍മാറ്റിലെ ഭാവി പ്രകടനത്തെക്കുറിച്ച് ക്രിക്കറ്റ് നിരീക്ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നേരിടേണ്ടി വന്ന സമ്പൂര്‍ണ്ണമായ തോല്‍വിയായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ഇല്ലാതെയാക്കിയത്. ഇതിന് പിന്നാലെ തന്നെ രവിചന്ദ്ര അശ്വിന്‍, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. പുതുതായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഹോം കണ്ടീഷനില്‍ ദയനീയമായാണ് പരാജയപ്പെട്ടിരിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും ഒന്നും പഠിച്ചില്ല എന്നതാണ് ഈ പരമ്പരയോടെ ഇന്ത്യ തെളിയിക്കുന്നത്. ഫെബ്രുവരിയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ദീര്‍ഘമായ ഇടവേളയാണുള്ളത്. ലോകകപ്പിന് ശേഷം ശ്രീലങ്കയിലും ന്യൂസിലന്‍ഡിലും എവേ സീരീസുകളാകും ഇന്ത്യ കളിക്കുക. അതിന് ശേഷം 2027 ജനുവരിയിലാണ് ഇന്ത്യയുടെ അടുത്ത ഹോം സീരീസ്. ഓസ്‌ട്രേലിയയാണ് പരമ്പരയില്‍ ഇന്ത്യയുടെ എതിരാളിയാവുക.