ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന മുന്‍താരങ്ങള്‍ ഏറെയാണ്. ഓരോ മത്സരത്തിന് ശേഷവും ടീമിന്റെ കുറ്റവും കുറവും പറയുന്നവര്‍ക്ക് പക്ഷേ ഒരു മികച്ച ടീമിനെ പടുത്തുയര്‍ത്താന്‍ കഴിയണമെന്നില്ല. പരിശീലകനാകുന്നതിന് മുന്‍പെ രഞ്ജി ട്രോഫിയിലെ പ്രകടനങ്ങള്‍ വേണം ടെസ്റ്റ് ടീമിലേക്ക് താരങ്ങളെ തിരെഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കേണ്ടതെന്ന് അഭിപ്രായമുണ്ടായിരുന്ന താരമായിരുന്നു ഗൗതം ഗംഭീര്‍.
എന്നാല്‍ ഇന്ത്യന്‍ ടീം മുഖ്യപരിശീലകനായപ്പോള്‍ ഐപിഎല്ലിലും ടി20 ക്രിക്കറ്റിലും കഴിവ് തെളിയിച്ചവരെ ടെസ്റ്റ് ടീമിലേക്ക് തിരെഞ്ഞെടുക്കുകയാണ് ഗംഭീര്‍ ചെയ്തത്. പറയുന്നതൊന്ന് ചെയ്യുന്നത് വേറൊന്ന്. വിജയ് ഹസാരെ നോക്കി വേണം ഏകദിന ടീമിനെ തിരെഞ്ഞെടുക്കാന്‍ എന്ന് പറഞ്ഞ ഗംഭീര്‍ ഏകദിനത്തിലും ടീം തിരെഞ്ഞെടുക്കുന്നത് ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള താരങ്ങളെ തന്നെ.
ഐപിഎല്ലിന്റെ പിന്‍ബലത്തില്‍ ടി20 ക്രിക്കറ്റില്‍ അത്രമാത്രം പ്രതിഭകള്‍ ഉള്ളതിനാല്‍ തന്നെ ഗംഭീറിന്റെ പരീക്ഷണങ്ങള്‍ തുടങ്ങിയത് ടി20 ക്രിക്കറ്റിലായിരുന്നു. സ്ഥിരമായി ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണം നടത്തിയെങ്കിലും ഐപിഎല്ലിലൂടെ ലഭിച്ച അടിത്തറ ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുണയായിരുന്നു. ഈ പരീക്ഷണങ്ങള്‍ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് കൂടി കൊണ്ടുവന്നതാണ് ഇന്ത്യയുടെ ടെസ്റ്റ് പരാജയങ്ങള്‍ക്ക് പിന്നിലെ ഒരു കാരണം.
സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ സ്പിന്‍ കളിക്കാനറിയുന്ന ബാറ്റര്‍മാരുടെ കുറവ് ഇന്ത്യയ്ക്കുണ്ടെന്നിരിക്കെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിന് സമാനമായി ഓള്‍റൗണ്ടര്‍മാരെ കുത്തിനിറയ്ക്കുകയാണ് ഇന്ത്യ ചെയ്തത്. ടോപ് ഓര്‍ഡറിലെ 3-4 പേരൊഴിച്ചാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരില്ലാത്ത നിരയാണ് ദക്ഷിണാഫ്രിക്കക്കെതിരെ തയ്യാറായത്. ഇതിന് പുറമെ കൃത്യമായ സ്ഥാനവും റോളും നല്‍കാത്ത പരീക്ഷണങ്ങള്‍ കൂടി തുടര്‍ന്നതോടെ പരീക്ഷണശാല ബോംബ് നിര്‍മാണ് ഫാക്ടറി പോലെയായി.
ടെസ്റ്റ് ഫോര്‍മാറ്റിലെ ടീം ഘടന തന്നെ മാറ്റിമറിച്ച ഗംഭീര്‍ ഇതിനിടയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെയെല്ലാം അവഗണിച്ചു. ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡുള്ള കരുണ്‍ നായരെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡുള്ള സര്‍ഫറാസിനെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് തന്നെ എടുത്തുമാറ്റി. വാഷിങ്ങ്ടണ്‍ സുന്ദറിനെ ഓപ്പണിംഗ് ഒഴികെ ബാറ്റിംഗ് പൊസിഷനുകളില്‍ പരീക്ഷിച്ചു. ഒരുകാലത്ത് ഇന്ത്യയില്‍ പരമ്പര സ്വപ്നമായിരുന്ന വിദേശടീമുകള്‍ പരമ്പര വൈറ്റ് വാഷ് ചെയ്യുന്ന തരത്തിലേക്ക് ഇന്ത്യന്‍ ടീം മാറികഴിഞ്ഞു.