India vs South Africa 2nd ODI: 'നേരാവണ്ണം പന്ത് പിടിച്ചിരുന്നേല്‍ ജയിച്ചേനെ'; ഇന്ത്യയുടെ തോല്‍വിയും മോശം ഫീല്‍ഡിങ്ങും
ഓപ്പണര്‍ ഏദന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറി (98 പന്തില്‍ 110) ആണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിനുള്ള അടിത്തറ പാകിയത്
India vs South Africa 2nd ODI
India vs South Africa 2nd ODI: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിക്കു പ്രധാന കാരണം മോശം ഫീല്‍ഡിങ്. 359 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്യുകയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കു ഫീല്‍ഡിങ് പിഴവുകളിലൂടെ വാരിക്കോരി റണ്‍സ് കൊടുക്കാന്‍ ഇന്ത്യക്കു സാധിച്ചു.
ഓപ്പണര്‍ ഏദന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറി (98 പന്തില്‍ 110) ആണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിനുള്ള അടിത്തറ പാകിയത്. മാര്‍ക്രം 53 റണ്‍സില്‍ നില്‍ക്കുമ്പോള്‍ അനായാസ ക്യാച്ച് നിലത്തിട്ട് യശസ്വി ജയ്‌സ്വാള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകള്‍ കാരണം സിംഗിളുകള്‍ ഡബിള്‍ ആക്കാനും പലതവണ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. ബൗണ്ടറി ലൈനിനു അരികിലും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പിഴവുകള്‍ ആവര്‍ത്തിച്ചു.
45-ാം ഓവറില്‍ ടോണി ഡി സോര്‍സിയുടെ ക്യാച്ച് വാഷിങ്ടണ്‍ സുന്ദര്‍ കൈവിട്ടു. കൃത്യമായ ജഡ്ജിങ് ഇല്ലാതെ ക്യാച്ചിനായി ഓടുകയായിരുന്നു സുന്ദര്‍. ക്യാച്ച് നഷ്ടമായതോടെ ബൗളര്‍ അര്‍ഷ്ദീപ് സിങ് കടുത്ത നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. മികച്ച ഫീല്‍ഡര്‍ എന്നു പേരുകേട്ട രവീന്ദ്ര ജഡേജ പോലും ഇത്തവണ ഗ്രൗണ്ടില്‍ നിരാശപ്പെടുത്തി. ഫീല്‍ഡിങ് മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നെന്നാണ് ആരാധകരുടെയും കമന്റ്.