2027ലെ ഏകദിന ലോകകപ്പ് വരെ വിരാട് കോലിയേയും രോഹിത് ശര്‍മയേയും ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കരുതെന്ന് പരിശീലകനായ ഗൗതം ഗംഭീറിനോട് അപേക്ഷിച്ച് മുന്‍ ഇന്ത്യന്‍ താരമായ എസ് ശ്രീശാന്ത്. ലോകകപ്പിന് 2 വര്‍ഷം ബാക്കിനില്‍ക്കെ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കോലി, രോഹിത് എന്നിവര്‍ കളിക്കുന്നത്. ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനായി ഇരുവരും സജീവക്രിക്കറ്റില്‍ ഭാഗമാകണമെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നും ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.
ഏകദിന ഫോര്‍മാറ്റില്‍ രോഹിത്, കോലി എന്നിവരുടെ റെക്കോര്‍ഡുകള്‍ അനുപമമാണെന്നും ഒരു കാരണവശാലും ഇരുവരെയും ടീമില്‍ നിന്നും ഒഴിവാക്കരുതെന്നും ശ്രീശാന്ത് പറയുന്നു. ഗൗതം ഭായ്, പരിശീലകനെന്ന നിലയില്‍ താങ്കള്‍ ആരെയും തടയരുത്. പ്രത്യേകിച്ച് രോഹിത്തിനെയും കോലിയേയും. ഏകദിന ഫോര്‍മാറ്റില്‍ അവര്‍ ആഗ്രഹിക്കുന്നിടത്തോളം കളിക്കാന്‍ അനുവദിക്കുക. കാരണം ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരേക്കാള്‍ 1000 മടങ്ങ് മികച്ചവരാണ് അവര്‍. അത്രയും മഹന്മാരായ താരങ്ങളെ ദേശീയ ടീമില്‍ കളിക്കുന്നതില്‍ നിന്നും തടയരുത്. ശ്രീശാന്ത് പറഞ്ഞു.