Sanju Samson: പരീക്ഷണം ക്ലിക്കായി, സഞ്ജു പുറത്ത് തന്നെ; നാലാം ടി20 യിലും ജിതേഷ് കളിക്കും
ജിതേഷിന്റെ വരവോടെ പ്ലേയിങ് ഇലവന്‍ സന്തുലിതമായെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്
Sanju Samson: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്റി 20 യില്‍ സഞ്ജു സാംസണ്‍ കളിക്കില്ല. മൂന്നാം ടി20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ തുടരും.
ജിതേഷിന്റെ വരവോടെ പ്ലേയിങ് ഇലവന്‍ സന്തുലിതമായെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്. മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ജയിച്ച പ്ലേയിങ് ഇലവനില്‍ മാറ്റം കൊണ്ടുവന്നുള്ള പരീക്ഷണത്തിനു പരിശീലകന്‍ ഗൗതം ഗംഭീറും ഒരുക്കമല്ല.
മൂന്നാം ടി20 യില്‍ ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് 13 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തുന്നതിനാല്‍ സഞ്ജുവിനു ഓപ്പണിങ്ങില്‍ സ്‌കോപ്പില്ല. വണ്‍ഡൗണ്‍ ആയി നായകന്‍ സൂര്യകുമാര്‍ യാദവ് ഉറപ്പുമാണ്. തിലക് വര്‍മയെ നാലാമതെങ്കിലും ഇറക്കിയില്ലെങ്കില്‍ പ്രയോജനമില്ല. അതിനാല്‍ സഞ്ജുവിനെ അഞ്ചാമതോ ആറാമതോ ഇറക്കാന്‍ ടീം മാനേജ്മെന്റ് നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഈ പൊസിഷനില്‍ സഞ്ജുവിനു തിളങ്ങാന്‍ സാധിക്കുന്നുമില്ല. ഓപ്പണറായി 17 ഇന്നിങ്‌സുകളില്‍ നിന്ന് 178.8 സ്‌ട്രൈക് റേറ്റില്‍ 522 റണ്‍സുള്ള സഞ്ജു നോണ്‍ ഓപ്പണറായി ഇറങ്ങിയപ്പോഴെല്ലാം വന്‍ പരാജയമായിരുന്നു. നോണ്‍ ഓപ്പണറായി 26 ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് 111.2 സ്‌ട്രൈക് റേറ്റില്‍ 483 റണ്‍സ് മാത്രം. ഈ കണക്കുകളാണ് സഞ്ജുവിനു തിരിച്ചടിയായിരിക്കുന്നത്.
സഞ്ജു ഉള്ളതുകൊണ്ട് മധ്യനിര സന്തുലിതമല്ലെന്ന വിലയിരുത്തല്‍ ടീം മാനേജ്‌മെന്റിനു ഉണ്ട്. ജിതേഷ് ശര്‍മയെ പോലൊരു ഫിനിഷറെ ബെഞ്ചില്‍ ഇരുത്തി സഞ്ജുവിനെ വച്ചുള്ള പരീക്ഷണം തുടരുന്നതില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും താല്‍പര്യക്കുറവുണ്ട്. പവര്‍ ഹിറ്റര്‍ ആയതിനാല്‍ മധ്യനിര സന്തുലിതമാകണമെങ്കില്‍ ജിതേഷ് വേണമെന്ന നിലപാടിലേക്ക് ഇന്ത്യന്‍ ടീം എത്തുകയായിരുന്നു.