ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-0ത്തിന് തോറ്റതിന് പിന്നാലെ ടീമിന്റെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. തന്റെ വ്യക്തിപരമായ സ്ഥാനമല്ല, മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയമാണ് എപ്പോഴും പരമമായ പരിഗണനയെന്ന് ഗംഭീര്‍ ആവര്‍ത്തിച്ചു. അതേസമയം ഈ പരമ്പര നോക്കരുതെന്നും ഇംഗ്ലണ്ടില്‍ ചെന്ന് സമനില നേടിയതും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാകപ്പും നേടിയത് തന്റെ പരിശീലനത്തിന് കീഴിലാണെന്ന് മറക്കരുതെന്നും ഗംഭീര്‍ മാധ്യമങ്ങളെ ഓര്‍മിപ്പിച്ചു.
ഇന്ത്യന്‍ ടീം ഒരു ട്രാന്‍സിഷന്റെ ഘട്ടത്തിലാണ്. അവര്‍ ടീമില്‍ കളിച്ച് അനുഭവസമ്പത്ത് നേടുന്ന വരെ ടീം ഒരു മാറ്റത്തിന്റെ വഴിയിലാണ്. അവരെ വളര്‍ത്തിയെടുക്കാന്‍ ക്ഷമയും സമയവും ആവശ്യമാണ്. ഗംഭീര്‍ പറഞ്ഞു. ആവര്‍ത്തിച്ചുള്ള ബാറ്റിംഗ് തകര്‍ച്ചകള്‍ ഒഴിവാക്കാന്‍ റ്റീം മെച്ചപ്പെടേണ്ടതുണ്ടെന്ന് സമ്മതിച്ച ഗംഭീര്‍ ഏതെങ്കിലും ഒരു താരത്തെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും നിലവിലെ ടീമിന്റെ യുവത്വവും വ്യത്യസ്തമായ കോമ്പിനേഷനുകളുമാണ് അതിന് കാരണമെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ടീം ആവശ്യപ്പെട്ടിട്ടുള്ള പിച്ചുകള്‍ തന്നെയാണ് ലഭിച്ചതെന്നും ഗംഭീര്‍ വ്യക്തമാക്കി.