ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചതിനെ തുടര്‍ന്ന് ബിബിഎല്ലിലെ തന്റെ തിരിച്ചുവരവ് മുടക്കി ജെമീമ റോഡ്രിഗസ്. ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സ് താരമായ ജെമീമ സ്മൃതി മന്ദാനയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി 10 ദിവസങ്ങള്‍ക്ക് മുന്‍പെ ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ സ്മൃതിയുടെ പിതാവിന് വിവാഹദിവസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മാറ്റിവെയ്‌ക്കേണ്ടതായി വന്നിരുന്നു. ഈ സാഹചര്യത്തില്‍ സ്മൃതിക്ക് വൈകാരികമായ പിന്തുണ നല്‍കാനായാണ് ജെമീമ ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.
ബ്രിസ്ബേന്‍ ഹീറ്റ് ജെമിയുടെ തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണക്കുന്നുവെന്ന് സിഇഒ ടെറി സ്വെന്‍സണ്‍ വ്യക്തമാക്കി. ''ഇത് ജെമിക്കു വളരെ പ്രയാസകരമായ സാഹചര്യമായിരുന്നു. അവളുടെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. സ്മൃതി മന്ധാനയുടെ കുടുംബത്തിനും ജെമിക്കും ഞങ്ങളുടെ ആശംസകള്‍ നേരുന്നു,'' എന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം തനിക്ക് തിരിച്ച് വരാനാവാത്തതില്‍ നിരാശയുണ്ടെന്നും സാഹചര്യം മനസിലാക്കി ഒപ്പം നില്‍ക്കുന്നതില്‍ ക്ലബിനും ആരാധകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ജെമീമ റോഡ്രിഗസ് അറിയിച്ചു. ബിഗ് ബാഷ് സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുന്ന ബ്രിസ്‌ബേന്‍ ഹീറ്റിന് ജെമിയുറ്റെ അഭാവം നഷ്ടമാണെങ്കിലും മുന്നിലുള്ള മത്സരങ്ങളെ പ്രതീക്ഷയോടെയാണ് ബ്രിസ്‌ബേന്‍ ആരാധകര്‍ കാണുന്നത്.