Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ
ഏഷ്യ കപ്പും ചാംപ്യന്‍സ് ട്രോഫിയും ജയിച്ചത് ഗംഭീറിന്റെ കീഴിലാണ്. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയത് കണ്ടില്ലെന്നു നടിക്കാനാവില്ല
Gautam Gambhir: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയിലും പരിശീലകന്‍ ഗൗതം ഗംഭീറിനെ കൈവിടാതെ ബിസിസിഐ. ഗംഭീര്‍ പരിശീലകസ്ഥാനത്തു നിന്ന് മാറേണ്ട ആവശ്യമില്ലെന്ന് ബിസിസിഐ നിലപാടെടുത്തു. ഗംഭീറില്‍ പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് ബിസിസിഐ നേതൃത്വത്തിന്റെ തീരുമാനമെന്ന് ബോര്‍ഡുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏഷ്യ കപ്പും ചാംപ്യന്‍സ് ട്രോഫിയും ജയിച്ചത് ഗംഭീറിന്റെ കീഴിലാണ്. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയത് കണ്ടില്ലെന്നു നടിക്കാനാവില്ല. തലമുറ മാറ്റത്തിന്റെ വെല്ലുവിളികളാണ് നിലവില്‍ ടെസ്റ്റ് ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. ഭാവിയില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗംഭീറിനു സാധിക്കുമെന്നാണ് ബിസിസിഐയുടെ വിശ്വാസം.
2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധി. ടെസ്റ്റില്‍ മാത്രമായി മറ്റൊരു പരിശീലകനെ നിയോഗിക്കുന്നതില്‍ ബിസിസിഐയ്ക്കു വിയോജിപ്പുണ്ട്. അതിനാല്‍ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളിലും ഗംഭീര്‍ തുടരും. തനിക്കു സമയം വേണമെന്ന് ഗംഭീറും ബിസിസിഐയോടു ആവശ്യപ്പെട്ടതായാണ് വിവരം. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിവരുന്ന ചില മാറ്റങ്ങള്‍ ഭാവിയില്‍ ടീമിനു ഗുണം ചെയ്യുമെന്നാണ് ഗംഭീര്‍ ബിസിസിഐയെ അറിയിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യ ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഇതുവരെ 19 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. അതില്‍ ജയിക്കാനായത് ഏഴെണ്ണത്തില്‍ മാത്രം. രണ്ട് മത്സരങ്ങള്‍ സമനിലയായപ്പോള്‍ 10 മത്സരങ്ങളില്‍ തോറ്റു. ബംഗ്ലാദേശിനെതിരെ 2-0 ജയത്തോടെയാണ് ഗംഭീര്‍ ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ഇന്ത്യയില്‍ വന്ന് ന്യൂസിലന്‍ഡ് ഞെട്ടിച്ചു. 3-0 ത്തിനു ദയനീയ തോല്‍വി വഴങ്ങി. ഓസ്ട്രേലിയയില്‍ 3-1 നു തോല്‍വി കൂടിയായപ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്നങ്ങളും പൊലിഞ്ഞു. ഇത്രയായിട്ടും ഗംഭീറിനെ ബിസിസിഐ പിന്തുണയ്ക്കുന്നതില്‍ ആരാധകര്‍ക്കു എതിര്‍പ്പുണ്ട്.