WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം
ഇനി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ 9 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗുവാഹത്തി ടെസ്റ്റിലേറ്റ പരാജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സാധ്യതകള്‍ക്ക് വലിയ ആഘാതമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ച ഇടത്ത് നിന്നും ന്യൂസിലന്‍ഡിനെതിരെ നേരിട്ട വൈറ്റ് വാഷായിരുന്നു ഇന്ത്യയുടെ അവസരം ഇല്ലാതെയാക്കിയത്. ഇത്തവണയാകട്ടെ ദക്ഷിണാഫ്രിക്കക്കെതിരെ പരാജയം നേരിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇനി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ 9 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. നിലവിലെ അവസ്ഥയില്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനാകുമോ? പരിശോധിക്കാം.
ഇതുവരെ കളിച്ച 9 ടെസ്റ്റുകളില്‍ നിന്ന് 4 വിജയം, 4 തോല്‍വി, ഒരു സമനിലയുമായി 48.15 വിജയശതമാനമുള്ള ഇന്ത്യ പോയിന്റ് പട്ടികയില്‍ പാകിസ്ഥാന് പിന്നില്‍ അഞ്ചാമതാണ്. 25-27 ടെസ്റ്റ് സൈക്കിളില്‍ ഇനി 9 മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. 2026 ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരെ 2 മത്സരങ്ങള്‍(എവേ), ന്യൂസിലന്‍ഡിനെതിരെ ഡിസംബറില്‍ 2 മത്സരങ്ങള്‍(എവേ), 2027ല്‍ ഓസ്‌ട്രേലിയക്കെതിരെ 5 മത്സരങ്ങള്‍(ഹോം)
ഇതില്‍ 9 മത്സരങ്ങളിലും വിജയിക്കാനായാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിജയശതമാനം 74.1 ശതമാനമായി ഉയരും. ഈ റേറ്റിങ്ങില്‍ ഇന്ത്യയ്ക്ക് എളുപ്പത്തില്‍ ഫൈനലിലെത്താന്‍ സാധിക്കും.
7 വിജയം + 1 സമനില + 1 തോല്‍വി = 64.8%
6 വിജയം + 2 സമനില + 1 തോല്‍വി = 61.1%
6 വിജയം + 1 സമനില + 2 തോല്‍വി = 59.3% അതായത് ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ 9 എണ്ണത്തില്‍ ആറിലെങ്കിലും ഇന്ത്യ വിജയിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ മാത്രമെ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷയ്ക്ക് വകയുള്ളു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച സ്പിന്‍ നിരയുള്ള ശ്രീലങ്കക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയായേക്കാം. ന്യൂസിലന്‍ഡീനെതിരെ നടക്കുന്ന എവേ മത്സരവും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഇതിന് പുറമെ ഓസീസുമായി 5 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയിലാണ് നടക്കാനുള്ളത്. നിലവില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവര്‍ ഇന്ത്യയെ നാട്ടില്‍ വൈറ്റ് വാഷ് ചെയ്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയുടെ പര്യടനവും ഇന്ത്യയ്ക്ക് ദുഷ്‌കരമാകും.