ആഷസ് പരമ്പരയുടെ ആദ്യ ടെസ്റ്റില്‍ വെറും രണ്ട് ദിവസത്തിനകം പരാജയപ്പെട്ടെങ്കിലും പരമ്പരയില്‍ ശക്തമായി തിരിച്ചുവരുമെന്നറിയിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. മുന്‍പത്തെ പര്യടനങ്ങളില്‍ ഇല്ലാതിരുന്ന പല ആയുധങ്ങളും ഇംഗ്ലണ്ടിനുണ്ടെന്നും ഇത്തവണ വ്യക്തമായ റോളുകളുള്ള റ്റീമുമായാണ് ഇംഗ്ലണ്ട് വന്നിരിക്കുന്നതെന്നും ജോ റൂട്ട് പറഞ്ഞു. പെര്‍ത്ത് ടെസ്റ്റിലെ പരാജയത്തില്‍ ഇംഗ്ലണ്ട് ടീമിനെതിരെ രൂക്ഷവിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് റൂട്ടിന്റെ പ്രതികരണം.
ടെസ്റ്റ് ഫോര്‍മാറ്റില്‍ റണ്‍മലകളും റെക്കോര്‍ഡ് നേട്ടങ്ങളും സ്വന്തമാക്കുമ്പോഴും ഇതുവരെയും ഓസ്‌ട്രേലിയയില്‍ കളിച്ച 29 ഇന്നിങ്ങ്‌സില്‍ ഒരു സെഞ്ചുറി നേടാന്‍ പോലും ജോ റൂട്ടിനായിട്ടില്ല. ഇത്തവണ വ്യത്യസ്തനായ കളിക്കാരനായാണ് താന്‍ തിരിച്ചുവന്നിരിക്കുന്നതെന്നാണ് റൂട്ട് പറയുന്നത്. 2024ല്‍ ടെസ്റ്റില്‍ 1556 റണ്‍സുകള്‍ നേടിയ റൂട്ട് ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.