2027ലെ ഏകദിന ലോകകപ്പ് ചര്‍ച്ചകളില്‍ വരുമ്പോഴെല്ലാം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടൂര്‍ണമെന്റില്‍ കളിക്കുമോ എന്ന ആശങ്കകളും തര്‍ക്കങ്ങളുമാണ് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ എപ്പോഴും നടക്കുന്നത്. ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുതാരങ്ങളും കളിക്കുന്നത് എന്നതിനാല്‍ രോഹിത്തും കോലിയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നതാണ് ബിസിസിഐയുടെ നിലപാട്. ഇതിനിടെയാണ് കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കോലി സെഞ്ചുറി പ്രകടനവുമായി തിളങ്ങിയത്. പ്രകടനത്തിന് പിന്നാലെ കോലി നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
തനിക്ക് കൂടുതല്‍ ഫിസിക്കലായ തയ്യാറെടുപ്പുകളുടെ ആവശ്യമില്ലെന്നും തന്റെ ഗെയിം ഫിസിക്കല്‍ എന്നതിനേക്കാള്‍ മാനസികമാണെന്നുമാണ് കോലി വ്യക്തമാക്കിയത്. ഫിറ്റ്‌നസ് ശരിയെങ്കില്‍ പിന്നീട് മനസ്സില്‍ ബാറ്റിംഗ് കാണുക. സാഹചര്യങ്ങള്‍ മനസ്സില്‍ സൃഷ്ടിക്കുക. അതാണ് എന്റെ ഗെയിമിന്റെ രീതി. റാഞ്ചിയിലെ പിച്ചിനെ മനസിലാക്കാനായിരുന്നു ശ്രമം. കളിയുടെ ദൃശ്യങ്ങള്‍ മനസില്‍ സൃഷ്ടിച്ചാല്‍ ആത്മവിശ്വാസവും ഇന്റന്‍സിറ്റിയും വരും. ദിവസവും മണിക്കൂറുകളോളം നെറ്റ്‌സില്‍ പരിശീലനം വേണമെന്നില്ല. ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് പരിശീലനം ആവശ്യം. കോലി വിശദമാക്കി.
മത്സരത്തിലെ സെഞ്ചുറിയോടെ ഏകദിനക്രിക്കറ്റില്‍ തന്റെ അന്‍പത്തിരണ്ടാം സെഞ്ചുറിയാണ് കോലി നേടിയത്. തന്റെ കരിയറിനെ കുറിച്ചുള്ള അഭ്യൂഹങ്ങളോടുള്ള കോലിയുടെ മറുപടി കൂടിയായിരുന്നു സെഞ്ചുറി പ്രകടനം. 2027ലെ ലോകകപ്പില്‍ തിളങ്ങാനാവശ്യമായത് തന്റെ കയ്യിലുണ്ടെന്ന് കോലി പിന്നെയും പിന്നെയും തെളിയിക്കുമ്പോള്‍ സൂപ്പര്‍ താരത്തെ പുറത്ത് നിര്‍ത്തുക എന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് തീര്‍ച്ചയാണ്.