മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിനെതിരെ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഇന്ത്യന്‍ താരം കൂടിയായ സഞ്ജു സാംസണിനെതിരെ കെസിഎ എടുത്ത നടപടിക്കെതിരെ പ്രതികരിച്ചതിനാണ് ശ്രീശാന്തിന് കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ശ്രീശാന്ത് കെസിഎയുടെ ചട്ടങ്ങള്‍ ലംഘിച്ചതായി നോട്ടീസില്‍ പറയുന്നു. 7 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും സൂചനയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടീമിനുള്ള ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കാതെ പോയതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. സഞ്ജുവിന് ടീമില്‍ സ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണം ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെയില്‍ കെസിഎ താരത്തിനെ കേരള ടീമില്‍ നിന്നും ഒഴിവാക്കിയതാണെന്ന് ശശി തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സഞ്ജു കൃത്യമായ കാരണങ്ങള്‍ നല്‍കാതെ മാറിനിന്നതിനെ തുടര്‍ന്നാണ് നടപടിയെന്നും കെസിഎ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ നിന്നുള്ള ഏക അന്താരാഷ്ട്ര താരം എന്ന നിലയില്‍ കെസിഎ സഞ്ജുവിനെ പിന്തുണയ്ക്കണമായിരുന്നുവെന്നും സഞ്ജുവിനെതിരെ കെസിഎ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ വിഷയത്തിലെ പ്രതികരണം. ഈ പ്രതികരണം കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായുള്ള കരാറിന്റെ ലംഘനമാണെന്നും കെസിഎയുടെ പ്രതിച്ഛായയ്ക് കോട്ടമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ശ്രീശാന്ത് നടത്തിയെന്നുമാണ് നോട്ടീസില്‍ പറയുന്നത്.