KL Rahul: കെ.എല്‍.രാഹുലിന്റെ ഈ സെഞ്ചുറി സെലിബ്രേഷന്റെ അര്‍ത്ഥം?
2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് രാഹുല്‍ ഹോം ഗ്രൗണ്ടിലെ ആദ്യ സെഞ്ചുറി നേടിയത്
KL Rahul: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ ശേഷം കെ.എല്‍.രാഹുല്‍ നടത്തിയ ആഘോഷപ്രകടനമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. ഹോം ഗ്രൗണ്ടിലെ രണ്ടാം സെഞ്ചുറിയാണ് രാഹുല്‍ അഹമ്മദബാദില്‍ സ്വന്തമാക്കിയത്. ആദ്യ സെഞ്ചുറിക്കു ശേഷം രണ്ടാം സെഞ്ചുറിക്കായി ഏതാണ്ട് ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പ് !
2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് രാഹുല്‍ ഹോം ഗ്രൗണ്ടിലെ ആദ്യ സെഞ്ചുറി നേടിയത്. ഇന്ത്യന്‍ മണ്ണില്‍ അടുത്ത സെഞ്ചുറിക്കായി 3211 ദിവസം രാഹുല്‍ കാത്തിരുന്നു. അതുകൊണ്ട് തന്നെയാണ് സെഞ്ചുറി സെലിബ്രേഷന്‍ അല്‍പ്പം വൈകാരികമായതും.
'ബേബി ജസ്റ്റര്‍' സെലിബ്രേഷനാണ് രാഹുല്‍ സെഞ്ചുറിക്കു ശേഷം നടത്തിയത്. ഇടത് കൈകളിലെ രണ്ട് വിരലുകള്‍ വായിലേക്ക് കടിച്ചുപിടിക്കുകയായിരുന്നു താരം. മത്സരശേഷം ഈ സെലിബ്രേഷനെ കുറിച്ച് രാഹുല്‍ വെളിപ്പെടുത്തി. തന്റെ മകള്‍ക്കു സെഞ്ചുറി സമര്‍പ്പിക്കുന്നതായി രാഹുല്‍ പറഞ്ഞു. മകള്‍ക്കു വേണ്ടിയാണ് സെഞ്ചുറി നേടിയ ശേഷം രാഹുല്‍ ബേബി ജസ്റ്റര്‍ നടത്തിയത്.
197 പന്തില്‍ 12 ഫോര്‍ സഹിതം 100 റണ്‍സുമായാണ് രാഹുല്‍ പുറത്തായത്. ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ചുറിയും രാജ്യാന്തര കരിയറിലെ 20-ാം സെഞ്ചുറിയുമാണ് രാഹുല്‍ അഹമ്മദബാദില്‍ നേടിയത്.