Virat Kohli: 'തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന താരം'; പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയെ വെല്ലാന്‍ ആരുമില്ലെന്ന് ഓസീസ് ലെജന്‍ഡ്
ഇന്ത്യക്കായി 305 ഏകദിനങ്ങളില്‍ നിന്ന് 14,255 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. ഏകദിനത്തില്‍ 51 സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.
Virat Kohli: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം വിരാട് കോലിയെ വെല്ലാന്‍ ആരുമില്ലെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസവും മുന്‍ നായകനുമായ സ്റ്റീവ് വോ. തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കളിക്കാരനെന്നാണ് സ്റ്റീവ് വോ കോലിയെ വിശേഷിപ്പിച്ചത്.
' വിരാട് കോലിയും രോഹിത് ശര്‍മയും എക്കാലത്തെയും മികച്ച രണ്ട് കളിക്കാരാണ്. ഏകദിന ക്രിക്കറ്റില്‍ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) വിരാട് കോലി തന്നെയാണ്. അവര്‍ എല്ലായിടത്തും കളിക്കുന്നത് കാണാനാണ് നാം ആഗ്രഹിക്കുന്നത്, പക്ഷേ എല്ലാ മത്സരങ്ങളും കളിക്കുക അവര്‍ക്കു സാധ്യമല്ല. തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് കോലിയെ പോലൊരു കളിക്കാരന്‍,' സ്റ്റീവ് വോ പറഞ്ഞു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിങ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ള സ്റ്റീവ് വോ ഏകദിനത്തില്‍ കോലിയെ അവരെക്കാള്‍ കേമനായി കാണുന്നു. ഇന്ത്യക്കായി 305 ഏകദിനങ്ങളില്‍ നിന്ന് 14,255 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. ഏകദിനത്തില്‍ 51 സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.