ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സീനിയര്‍ താരം രോഹിത് ശര്‍മയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് രോഹിത് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനം സ്വന്തമാക്കി ആഴ്ചകള്‍ക്കുള്ളിലാണ് രോഹിത്തിന്റെ പടിയിറക്കം. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ് ഒന്നാം സ്ഥാനത്തിന്റെ പുതിയ അവകാശി. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ നേടിയ സെഞ്ചുറിയാണ് താരത്തെ ഒന്നാമതെത്തിച്ചത്.
782 റേറ്റിംഗ് പോയന്റുകളാണ് ഡാരില്‍ മിച്ചലിനുള്ളത്. 781 റേറ്റിങ്ങ് പോയിന്റുകളുമായി രോഹിത് പട്ടികയില്‍ രണ്ടാമതാണ്. ഇതാദ്യമായാണ് ഡാരില്‍ മിച്ചല്‍ ഏകദിന ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് താരമാണ് ഡാരില്‍ മിച്ചല്‍. 1979ല്‍ ഗ്ലെന്‍ ടര്‍ണര്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. പട്ടികയില്‍ അഫ്ഗാന്‍ താരമായ ഇബ്രാഹിം സദ്രാന്‍ മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ നാലും അഞ്ചും സ്ഥാനത്താണ്.