Virat Kohli: സെഞ്ചുറികള്‍ ആഘോഷമാക്കി മാത്രം പതിവുള്ള വിരാട് കോലിയില്‍ നിന്ന് അപൂര്‍വമായൊരു സന്തോഷപ്രകടനം. സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഒരു റണ്‍സ് നേടിയപ്പോഴാണ് കോലി ചിരിച്ചത്. ആരാധകര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും കോലി പൂജ്യത്തിനാണ് പുറത്തായത്. രണ്ട് ഡക്കിനു ശേഷമുള്ള ആദ്യ റണ്‍ ആയതിനാല്‍ സിഡ്‌നിയിലെ കാണികള്‍ വലിയ കൈയടിയോടെയാണ് അതിനെ സ്വീകരിച്ചത്. തന്റെ ആദ്യ റണ്ണിനു കൈയടിക്കുകയും ആരവം മുഴക്കുകയും ചെയ്ത ആരാധകരുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനൊപ്പം കോലിയും ചേര്‍ന്നു. ഈ സമയത്ത് ചെറുപുഞ്ചിരിയോടെയാണ് കോലിയെ കാണപ്പെട്ടത്. നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി ആദ്യ റണ്‍ നേടി.
കോലി ബാറ്റ് ചെയ്യാന്‍ ഡ്രസിങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് നടക്കുന്ന സമയത്ത് ഓസ്‌ട്രേലിയന്‍ കാണികള്‍ അടക്കം താരത്തിനു സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കി. ഓസ്‌ട്രേലിയയിലെ കോലിയുടെ അവസാന മത്സരമായിരിക്കും ഇതെന്നാണ് സൂചന.
ഒന്നാം ഏകദിനത്തില്‍ എട്ട് പന്തുകള്‍ നേരിട്ടും രണ്ടാം ഏകദിനത്തില്‍ നാലും പന്തുകള്‍ നേരിട്ടുമാണ് കോലി പൂജ്യത്തിനു മടങ്ങിയത്.