ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാനായി പാകിസ്ഥാന്‍ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്ങ്‌സ് സ്‌കോറായ 615 റണ്‍സിനെതിരെ ബാറ്റ് ചെയ്ത പാകിസ്ഥാന്റെ ആദ്യ ഇന്നിങ്ങ്‌സ് 194 റണ്‍സില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് ഫോളോ ഓണ്‍ വഴങ്ങിയ പാകിസ്ഥാന്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ്. 81 റണ്‍സെടുത്ത ബാബര്‍ അസമിന്റെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കാന്‍ ഇനി 208 റണ്‍സ് കൂടി പാകിസ്ഥാന് വേണം.
ആദ്യ ഇന്നിങ്ങ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ ബാബര്‍ അസം മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്. രണ്ടാം ഇന്നിങ്ങ്‌സിലും മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ദീര്‍ഘകാലമായുള്ള സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാന്‍ ബാബറിനായില്ല. ഒന്നാം വിക്കറ്റില്‍ നായകന്‍ സയ്യിദ് മസൂദിനൊപ്പം 205 റണ്‍സ് കൂട്ടുക്കെട്ടാണ് ബാബര്‍ നേടിയത്. ദക്ഷിണാഫ്രിക്കായി ആദ്യ ഇന്നിങ്ങ്‌സില്‍ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ 259 റണ്‍സുമായി തിളങ്ങിയിരുന്നു. നായകന്‍ തെമ്പ ബവുമ(106),കൈല്‍ വേറെയനി(100), എന്നിവരുടെ കൂടി സെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 3 വിക്കറ്റ് നേടിയ കഗിസോ റബാദ, 2 വിക്കറ്റ് വീതം നേടിയ ക്വെന മഫാക, കേശവ് മഹാരാജ് എന്നിവരാണ് തകര്‍ത്തത്. 58 റണ്‍സെടുത്ത ബാബര്‍ അസമായിരുന്നു പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 46 റണ്‍സെടുത്തു.