ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ടിനായി ഫില്‍ സാള്‍ട്ടും ബെന്‍ ഡെക്കറ്റുമാണ് ഓപ്പണ്‍ ചെയ്യാനെത്തിയത്. പതിയെ തുടങ്ങിയെങ്കിലും വൈകാതെ തന്നെ ഇരുതാരങ്ങളും അറ്റാക്കിംഗ് മോഡിലേക്ക് മാറിയതോടെ 6 ഓവറില്‍ 52 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.
ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്നത്തേത്. ഹര്‍ഷിതിന് പുറമെ യശ്വസി ജയ്‌സ്വാളിന്റെയും ഏകദിന ക്രിക്കറ്റിലെ ആദ്യ മത്സരമാണിത്. എന്നാല്‍ തന്റെ ആദ്യ ഏകദിന മത്സരത്തില്‍ തന്നെ കൊല്‍ക്കത്തയിലെ സഹതാരമായിരുന്ന ഇംഗ്ലണ്ട് താരം ഫില്‍ സാല്‍ട്ടിന്റെ ബാറ്റിന്റെ ചൂട് ഹര്‍ഷിത് ശെരിക്കുമെറിഞ്ഞു. ഹര്‍ഷിത് എറിഞ്ഞ മത്സരത്തിലെ ആറാം ഓവറില്‍ 26 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്.
ഹര്‍ഷിത് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ സിക്‌സ് നേടിയ സാള്‍ട്ട് രണ്ടാം പന്തില്‍ ബൗണ്ടറിയും മൂന്നാം പന്തില്‍ സിക്‌സും നേടി. നാലാം പന്തില്‍ വീണ്ടും ബൗണ്ടറി വിട്ടുകൊടുത്തെങ്കിലും അഞ്ചാം പന്തില്‍ റണ്‍സെടുക്കാന്‍ സാള്‍ട്ടിനായില്ല. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ സിക്‌സ് നേടി സാള്‍ട്ട് ഇംഗ്ലണ്ട് സ്‌കോര്‍ 50 കടത്തുകയായിരുന്നു.