Publish Date: Mon, 18 Oct 2021 (15:43 IST)
Updated Date: Mon, 18 Oct 2021 (15:46 IST)
യുഎഇയില്‍ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിയുകയാണ്. കാലാവധി കഴിഞ്ഞാല്‍ വീണ്ടും പരിശീലക സ്ഥാനത്ത് തുടരാന്‍ ശാസ്ത്രി ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ അപേക്ഷകള്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞാല്‍ രവി ശാസ്ത്രി ഇനി എന്തു ചെയ്യുമെന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഏതെങ്കിലും ഐപിഎല്‍ ഫ്രാഞ്ചൈസിയുമായി സഹകരിക്കാനോ അല്ലെങ്കില്‍ കമന്റേറ്റര്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനോ ആയിരിക്കും ശാസ്ത്രി തയ്യാറാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ശാസ്ത്രിയെ കമന്ററി ബോക്‌സില്‍ വീണ്ടും കാണാന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രിക്കും വ്യക്തിപരമായി കമന്റേറ്ററായി തുടരാന്‍ ആഗ്രഹമുള്ളതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബിസിസിഐയുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ ശാസ്ത്രി അന്തിമ തീരുമാനമെടുക്കുക.