ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുമായി മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ അകല്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. രോഹിത്തും കോലിയും അപ്രതീക്ഷിതനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ ഇരുതാരങ്ങളും കോച്ചുമായുള്ള ബന്ധം വഷളായതായാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും കോച്ചുമായി കാര്യമായ ആശയവിനിമയം നടന്നിരുന്നില്ലെന്നാണ് വിവരം.
ഓസ്‌ട്രേലിയന്‍ പരമ്പരയിലാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ശേഷം ആദ്യമായി രോഹിത്- കോലി എന്നിവര്‍ ഇന്ത്യന്‍ ടീമിനായി കളിച്ചത്. ആദ്യ 2 ടെസ്റ്റിലും കോലി നിരാശപ്പെടുത്തിയെങ്കിലും മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടി കോലി തിരിച്ചുവന്നിരുന്നു. ദക്ഷിണാഫ്രിക്ക പരമ്പര ആരംഭിക്കുമ്പോള്‍ കോലിയുമായി ഗംഭീര്‍ സംഭാഷണം തന്നെ നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം രോഹിത്- കോലി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഗംഭീറിനെതിരെ ഉന്നയിക്കുന്നത്. നിലവിലെ ഈ സാഹചര്യത്തില്‍ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഒരിക്കല്‍ പോലും രോഹിത്തും അഗാര്‍ക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നില്ല. കോലി, രോഹിത് എന്നിവരുമായി ഗംഭീര്‍ അകല്‍ച്ച പാലിക്കുന്നതിനൊപ്പം സോഷ്ടല്‍ മീഡിയയിലും വിമര്‍ശനങ്ങള്‍ ഉയരുന്നതാണ് ബിസിസിഐയ്ക്ക് അതൃപ്തി സൃഷ്ടിച്ചിരിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി കോച്ചും സൂപ്പര്‍ താരങ്ങളും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുക എന്നതാകും ബിസിസിഐയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.