Rishabh Pant: ജയിക്കാമെന്നു കരുതിയാണോ സിക്‌സും ഫോറും അടിച്ച് വിക്കറ്റ് തുലച്ചത്? പന്തിനോടു ആരാധകര്‍
സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ പന്തിനു കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം
Rishabh Pant: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നിരുത്തരവാദിത്തപരമായി ബാറ്റ് ചെയ്ത ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിനു വിമര്‍ശനം. ഇന്ത്യയെ തോല്‍വിയില്‍ നിന്ന് കരകയറ്റാന്‍ ക്ഷമയോടെ ബാറ്റ് ചെയ്യേണ്ടിടത്ത് ആക്രമിച്ചു കളിച്ച് വിക്കറ്റ് തുലയ്ക്കുകയാണ് പന്ത് ചെയ്തത്.
സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ പന്തിനു കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. ഇന്ത്യ 42-4 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് പന്ത് ക്രീസിലെത്തിയത്. ചുരുങ്ങിയത് 70 ഓവര്‍ എങ്കിലും പിടിച്ചുനിന്നാലെ ഇന്ത്യക്ക് തോല്‍വി ഒഴിവാക്കാന്‍ സാധിക്കൂ എന്നതായിരുന്നു അപ്പോഴത്തെ അവസ്ഥ. ശേഷിക്കുന്നതാകട്ടെ വെറും ആറ് വിക്കറ്റുകളും ! ഇതെല്ലാം അറിഞ്ഞിട്ടും പന്ത് ആക്രമിച്ചു കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു.
16 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ നായകന്‍ 13 റണ്‍സെടുത്താണ് പുറത്തായത്. ഒരു സിക്‌സും ഒരു ഫോറും അടങ്ങിയതാണ് ഇന്നിങ്‌സ്. സിമണ്‍ ഹാര്‍മറിന്റെ പന്തില്‍ ഏദന്‍ മാര്‍ക്രത്തിനു ക്യാച്ച് നല്‍കിയാണ് പന്തിന്റെ പുറത്താകല്‍. പന്ത് ആക്രമിച്ചു കളിക്കുമെന്ന് മനസിലാക്കിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ അതിനനുസരിച്ചുള്ള ഫീല്‍ഡ് ഒരുക്കുന്നത് കണ്ടിട്ടും ഇന്ത്യന്‍ നായകനു ക്ഷമ കാണിക്കാന്‍ സാധിച്ചില്ല. ഒന്നാം ഇന്നിങ്‌സിലും പന്ത് ബാറ്റിങ്ങില്‍ പൂര്‍ണ പരാജയമായിരുന്നു. എട്ട് പന്തില്‍ ഏഴ് റണ്‍സാണ് പന്ത് ഒന്നാം ഇന്നിങ്‌സില്‍ സ്‌കോര്‍ ചെയ്തത്. രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യന്‍ നായകന്‍ എടുത്തത് വെറും 20 റണ്‍സ് !