ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലുള്ള ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങള്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതില്‍ ഗംഭീറിന്റെ നിലപാടുകള്‍ കാരണമായിരുന്നു. ഇതിന് പിന്നാലെ ഏകദിന ടീമിന്റെ നായകസ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലിനെ കൊണ്ടുവന്നതും ഗംഭീറായിരുന്നു.
ഏകദിന ഫോര്‍മാറ്റില്‍ മാത്രം സീനിയര്‍ താരങ്ങള്‍ കളിക്കുന്നതിനാല്‍ 2027ലെ ലോകകപ്പിന് മുന്‍പ് മത്സരപരിചയം ഉറപ്പാക്കാന്‍ രോഹിത്തും കോലിയും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും പ്രകടനങ്ങളുടെ മികവില്‍ മാത്രമെ 2027ലെ ലോകകപ്പ് ടീമില്‍ ഇടം നേടുവെന്നും ഗംഭീര്‍ താരങ്ങളെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച പ്രകടനങ്ങളാണ് ഇരു താരങ്ങളും നടത്തിയത്.
എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ മത്സരശേഷം കോലി ഗംഭീറിന് മുഖം കൊടുക്കാന്‍ പോലും തയ്യാറായില്ല. മത്സരശേഷം രോഹിത്തും ഗംഭീറും തമ്മില്‍ കാര്യമായ ചര്‍ച്ച നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മത്സരശേഷം നടന്ന ആഘോഷപരിപാടിയില്‍ നിന്ന് കോലി വിട്ട് നിന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സീനിയര്‍ താരങ്ങളും കോച്ചും 2 തട്ടിലായതോടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിട്ടുള്ളത്. ഡ്രസ്സിംഗ് റൂമിലെ അസ്വാരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലേക്ക് നീളുന്നതിലും ബിസിസിഐയ്ക്ക് അതൃപ്തിയുണ്ട്.